തീപിടിച്ച സമുച്ചയത്തിലെ മാലിന്യം ഒറ്റരാത്രികൊണ്ട് നീക്കി
text_fieldsതളിപ്പറമ്പ്: അഗ്നി താണ്ഡവമാടി അവശേഷിപ്പിച്ച മാലിന്യം 10 മണിക്കൂർ കൊണ്ട് നീക്കം ചെയ്തു. ഈ മാസം ഒമ്പതിനാണ് ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയോരത്തെ കെ.വി. കോംപ്ലക്സ് അഗ്നി വിഴുങ്ങിയത്. ഇവിടുെത്ത മാലിന്യമാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കുശേഷം ദുരന്ത നിവാരണ മാനദണ്ഡ പ്രകാരം നീക്കം ചെയ്തത്.
തീപിടിത്തത്തെ തുടർന്ന് കുന്നുകൂടിയ ജൈവ-ഖരമാലിന്യം മുസ്‍ലിം യൂത്തീഗ് വൈറ്റ്ഗാർഡ് പ്രവർത്തകരാണ് ഒറ്റ രാത്രി കൊണ്ട് നീക്കം ചെയ്തു ചരിത്രം കുറിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിന് തുടങ്ങിയ മാലിന്യനീക്കം വ്യാഴാഴ്ച പുലർച്ചെ നാലിന് അവസാനിച്ചു.
വൈകീട്ട് ആറോടെ എത്തിയ വൈറ്റ് ഗാർഡ് പ്രവർത്തകർ ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൻ മുർഷിദ കൊങ്ങായി, സ്ഥിരംസമിതി അധ്യക്ഷർ, നഗരസഭ കൗൺസിലർമാരായ സി. സിറാജ്, സി.വി. ഗിരീശൻ, പി.സി. നസീർ, സി.പി. മനോജ്, കെ. രമേശൻ, നഗരസഭസെക്രട്ടറി കെ.പി. സുബൈർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും 31 കണ്ടിജന്റ് ജീവനക്കാരും വൈറ്റ് ഗാർഡിന്റെ 30 ഓളം സന്നദ്ധ പ്രവർത്തകരുമാണ് ആദ്യ മണിക്കൂറിൽ അണിനിരന്നത്.
പിന്നീട് വൈറ്റ് ഗാർഡ് പ്രവർത്തകരും വ്യാപാരി നേതാക്കളും കോൺഗ്രസ് കൗൺസിലർ കെ. രമേശനും ചേർന്ന് സമാനതകളില്ലാത്ത ശുചീകരണ പ്രക്രിയയാണ് പുലരുമ്പോഴേക്കും നടത്തിയത്. മാലിന്യം മാനദണ്ഡമനുസരിച്ച് നീക്കം ചെയ്യുന്നതിന് നേരത്തെ ശുചീകരണത്തിലും ജനങ്ങളെയും വാഹനങ്ങളെയും നിയന്ത്രിക്കുന്നതിനും മറ്റും ഡി.വൈ.എഫ്.ഐയുടെ യൂത്ത് ബ്രിഗേഡ്, ബി.ജെ.പിയുടെ സേവാ ഭാരതി, യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ, എസ്.വൈ.എസിന്റെ സാന്ത്വനം എന്നിവരും സജീവമായിരുന്നു.


