കുറുമാത്തൂർ ഡിവിഷനിൽ കന്നിയങ്കത്തിന്റെ ആവേശം
text_fieldsഎ. പ്രദീപൻ, മുഹ്സിൻ കാതിയോട്
തളിപ്പറമ്പ്: കുറുമാത്തൂർ ഡിവിഷന് ഇത് കന്നിയങ്കമാണ്. നിലവിൽ പരിയാരം ഡിവിഷന്റെ ഭാഗമായിരുന്ന വിവിധ പഞ്ചായത്തുകൾ ഉൾപ്പെടുത്തി രൂപവത്കരിച്ച പുതിയ ഡിവിഷനാണിത്. ഇടതു കൈകളിൽ ഭദ്രമായിരിക്കാൻ തക്കവിധമാണ് ഡിവിഷൻ രൂപവത്കരണം.
കുറുമാത്തൂർ, ചെങ്ങളായി, ചുഴലി, കുറ്റിയേരി, പന്നിയൂർ തുടങ്ങിയ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെട്ട 49 വാർഡുകളാണ് പുതിയ ഡിവിഷനിലുള്ളത്. ഇടതിന് മുൻതൂക്കമുള്ള ഈ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നതിനാൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടത് നേതൃത്വം.
പാട്യം സ്വദേശിയായ സി.പി.ഐയിലെ എ. പ്രദീപനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സി.പി.ഐ ജില്ല അസി. സെക്രട്ടറി, അഖിലേന്ത്യ കിസാന്‍സഭ ദേശീയ കൗണ്‍സില്‍ അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സഹകരണ വേദി സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്റ്, ഐപ്സോ സംസ്ഥാന കൗണ്‍സിലംഗം എന്നീ നിലകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ മുഹ്സിൻ കാതിയോടാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇരിക്കൂർ ചേടിച്ചെരി സ്വദേശിയാണ് ഇദ്ദേഹം. കാലിക്കറ്റ് സർവകലാശാല സെനറ്റ് മെംബർ, യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് മാഗസിൻ എഡിറ്റർ, യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാള സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയാണ്.
ബി.ജെ.പി ജില്ല കമ്മിറ്റി അംഗമായ രമേശൻ ചെങ്ങുനിയാണ് എൻ.ഡി.എ സ്ഥാനാർഥി. എസ്.ഡി.പി.ഐയുടെ പി.കെ. മുസ്തഫയും ഇവിടെ ജനവിധി തേടുന്നവരിൽ ഉൾപ്പെടും.


