തളിപ്പറമ്പ് നഗരസഭ; തിരിച്ച് പിടിക്കാൻ എൽ.ഡി.എഫ്, നിലനിർത്താൻ യു.ഡി.എഫ്
text_fieldsതളിപ്പറമ്പ്: യു.ഡി.എഫിനൊപ്പമാണ് തളിപ്പറമ്പ് നഗരസഭ. എന്നാൽ, ആന്തൂർ ഒപ്പമായപ്പോൾ ഇടത് ചേർന്നും നടന്നിരുന്നു. ഇത്തവണ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്. അതേസമയം, 10 വർഷമായി തുടരുന്ന തളിപ്പറമ്പ് നഗരഭരണം നിലനിർത്താനുള്ള കഠിന പ്രയത്നത്തിലാണ് യു.ഡി.എഫ്. വാർഡ് വിഭജനത്തിലൂടെ 35 വാർഡുകളുള്ള തളിപ്പറമ്പിൽ യു.ഡി.എഫിൽ മുസ്ലിം ലീഗും കോൺഗ്രസുമാണ് മത്സരരംഗത്ത്. എൽ.ഡി.എഫിലാവട്ടെ, സി.പി.എമ്മിനൊപ്പം സി.പി.ഐയും ആർ.ജെ.ഡിയുമാണു മത്സരിക്കുന്നത്.
വാർഡ് വിഭജനത്തിലൂടെ മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ വാർഡുകളുടെ എണ്ണം കുറഞ്ഞപ്പോൾ സി.പി.എം കേന്ദ്രങ്ങളിൽ ഉറച്ചസീറ്റുകളുടെ എണ്ണം കൂടിയതാണ് ഇടതിന് ഭരണപ്രതീക്ഷ കൂട്ടുന്നത്. അവസാന നിമിഷമാവുമ്പോൾ മത്സരം ഒപ്പത്തിനൊപ്പമാവുകയാണ്. വാർഡുകൾ മിക്കതിലും പഴയ നിലയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രവചനാതീതമാണ് തളിപ്പറമ്പിലെ സ്ഥിതി. 22 വാർഡുകളിൽ ബി.ജെ.പിയും മൂന്ന് വാർഡുകളിൽ എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്.
13 വാർഡുകളിൽ ലീഗിന് അനായാസേന വിജയം പ്രതീക്ഷിക്കുന്നുണ്ട്. 14 വാർഡുകളിൽ ഈ ആത്മവിശ്വാസം സി.പി.എമ്മിനുമുണ്ട്. നാല് വാർഡുകളിൽ എങ്കിലും കോൺഗ്രസ് ജയിച്ചാൽ ഭരണം വലത്തോട്ട് ചായും. ഇതിൽ രണ്ട് വാർഡുകളിൽ കോൺഗ്രസിന് ഉറച്ച പ്രതീക്ഷയാണ്. പാളയാട് കഴിഞ്ഞ തവണ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ജയിച്ചത്. ഇത്തവണയും ഇത് കിട്ടുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
കൂടെ തൃച്ചംബരം, പുഴക്കുളങ്ങര വാർഡുകളും യു.ഡി.എഫ് പ്രതീക്ഷിക്കുന്ന വാർഡുകളാണ്. മൂന്ന് വാർഡുകളിൽ നിലവിൽ കൗൺസിലർമാരുള്ള ബി.ജെ.പിയാവട്ടെ ഈ വാർഡുകൾക്കൊപ്പം രാജരാജേശ്വര വാർഡ് കൂടി ലക്ഷ്യമിട്ടാണ് ഇത്തവണ പ്രവർത്തിക്കുന്നത്. കാക്കാംചാൽ, രാജരാജേശ്വര, പാലകുളങ്ങര, പുഴക്കുളങ്ങര, പാളയാട്, കോടതിമൊട്ട വാർഡുകളിൽ കനത്ത മത്സരമാണ്. യു.ഡി.എഫ് - 19, എൽ.ഡി.എഫ് -12, ബി.ജെ.പി - മൂന്ന് എന്നതാണ് നിലവിലെ കക്ഷി നില.


