നഗരസഭ ആരോഗ്യ വിഭാഗം പരിശോധന; തളിപ്പറമ്പിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി
text_fieldsതളിപ്പറമ്പ് നഗരത്തിലെ വിവിധ ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം
തളിപ്പറമ്പ്: നഗരപരിധിയിലെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി. ബുധനാഴ്ച രാവിലെയാണ് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തിയത്. തളിപ്പറമ്പ് താലൂക്ക് ആശുപത്രി കാന്റീൻ, താലൂക്കാശുപത്രിക്ക് സമീപത്തെ ഹോട്ടൽ ദ്വാരക, ഫുഡ്കോർണർ കഫേ, ചിറവക്ക് ഹാപ്പിനസ് സ്ക്വയറിന് എതിർവശത്തെ ഈറ്റ് ആൻഡ് ഡ്രിങ്ക്, ചിറവക്കിലെ പാഥേയം ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.
പഴകിയ ചോറ്, അൽഫാം ചിക്കൻ, ചപ്പാത്തി, ഇറച്ചി കറി തുടങ്ങിയവയാണ് പിടികൂടിയത്. 10 ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ അഞ്ച് ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയിട്ടുണ്ട്. പല രാത്രികാല ഭക്ഷ്യശാലകളിലും പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന വ്യാപക പരാതികൾ നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പരിശോധനയിൽ നഗരസഭ ആരോഗ്യ വിഭാഗം ക്ലീൻസിറ്റി മാനേജർ എം.പി. രഞ്ജിത്ത്കുമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർ വി. ലതീഷ്, വർക്കർമാരായ ഗണേശൻ, സന്ദീപ് എന്നിവരും പങ്കെടുത്തു.