പരിയാരം എന്നും ഇടതോരം
text_fieldsപി. രവീന്ദ്രൻ,ജംഷീർ ആലക്കാട്
തളിപ്പറമ്പ്: ഡിവിഷൻ നിലവിൽ വന്നതു മുതൽ ഇടതുപക്ഷത്തേക്ക് മാത്രം ചെരിഞ്ഞതാണ് ജില്ല പഞ്ചായത്ത് പരിയാരം ഡിവിഷന്റെ ചരിത്രം. എങ്കിലും സി.പി.എം കോട്ടകൾ വെട്ടിപ്പിടിച്ച യുവനേതാവിനെ ഇറക്കി ഡിവിഷൻ പിടിക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തും ചപ്പാരപ്പടവ് പഞ്ചായത്തിലെ 13 വാർഡുകളും പരിയാരം പഞ്ചായത്തിലെ 12 വാർഡുകളും നടുവിൽ പഞ്ചായത്തിലെ വിളക്കന്നൂർ വാർഡും അടങ്ങുന്നതാണ് പരിയാരം ഡിവിഷൻ. പരിയാരം, ചപ്പാരപ്പടവ്, കൂവേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഇതിൽ ഉൾപ്പെടുന്നുണ്ട്.
സി.പി.എമ്മിലെ പി. രവീന്ദ്രനാണ് ഇടതു സ്ഥാനാർഥി. ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് സ്വദേശിയായ ഇദ്ദേഹം കർഷകസംഘം ആലക്കോട് ഏരിയ സെക്രട്ടറി, ജില്ല കമ്മിറ്റിയംഗം, സി.പി.എം ആലക്കോട് ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇദ്ദേഹത്തിന്റെ കന്നിയങ്കമാണ്. മുസ്‍ലിം യൂത്ത് ലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് ജംഷീർ ആലക്കാടാണ് യു.ഡി.എഫ് സ്ഥാനാർഥി.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ഏര്യം സ്വദേശിയായ ഇദ്ദേഹം കടന്നപ്പള്ളി-പാണപുഴ ഗ്രാമപഞ്ചായത്ത് അംഗമാണ്. രണ്ടു തവണയും സി.പി.എം സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് മെംബറായത്. എം.എസ്.എഫ് കണ്ണൂർ ജില്ല സെക്രട്ടറി, ലഹരി നിർമാർജന സമിതി സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയിലെ ഗംഗാധരൻ കാളിശ്വരവും എ.എ.പിയിലെ സാനിച്ചൻ മാത്യുവും ഇവിടെ ജനവിധി തേടുന്നുണ്ട്.


