വ്യാപാര സ്ഥാപനത്തിൽ നിന്ന് പുകയുയർന്നത് പരിഭ്രാന്തിക്കിടയാക്കി
text_fieldsതളിപ്പറമ്പ്: നഗരഹൃദയത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ന്യൂസ് കോർണർ ജങ്ഷനിലെ സഫ ടെക്സ് എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച രാവിലെ 10.15 ഓടെ പുക ഉയർന്നത്. ഉടൻ സ്ഥാപന ഉടമ അഗ്നിരക്ഷാ സേനയെ വിവരമറിച്ചു. തുടർന്ന് രണ്ട് യൂനിറ്റ് സേനയും തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തി. പരിശോധനയിൽ സ്ഥാപനത്തിലെ ഇൻവെർട്ടറിൽ നിന്നാണ് പുക ഉയർന്നതെന്ന് കണ്ടെത്തി.
ദിവസങ്ങൾക്കു മുമ്പ് നഗരത്തിൽ ഉണ്ടായ വലിയ അഗ്നിബാധയിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചിരുന്നു. നഗരത്തെ നടുക്കിയ തീ പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അഗ്നിരക്ഷാസേന ഓരോ വ്യാപാര സ്ഥാപനങ്ങളിലും കയറി അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കാൻ നിർദേശം നൽകുകയും മറ്റു സുരക്ഷാ പരിശോധനകൾ നടത്തേണ്ടതിനെ കുറിച്ച് ബോധവത്കരണം നടത്തിവരുന്നതിനിടയിലാണ് വീണ്ടും പരിഭ്രാന്തിക്കിടയാക്കിയ സംഭവം നടന്നത്.
പുക ഉയർന്ന പശ്ചാത്തലത്തിൽ സ്ഥാപനത്തിന്റെ ഇലക്ട്രിക്കൽ വയറിങ് പരിശോധന നടത്തി പുതിയ വയറിങ് നടത്താൻ അഗ്നിരക്ഷാ സേന നിർദേശിച്ചു. സംഭവമറിഞ്ഞ് നിരവധി ആളുകൾ സ്ഥലത്ത് ഓടിയെത്തി. അഗ്നി നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും പഴക്കമുള്ള ഇലക്ടിക്കൽ വയറിങ് സംബന്ധമായ പരിശോധനയുമടക്കം ശക്തമായ നടപടിയുമായി മുന്നോട്ടു പോകാനാണ് അഗ്നിരക്ഷാ സേനയുടെ തീരുമാനം.


