തെരുവ്നായ് ആക്രമണം; കൗൺസിലർ ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു
text_fieldsതളിപ്പറമ്പ്: പൂക്കോത്ത് തെരുവിലും പരിസരത്തും തെരുവുനായുടെ വിളയാട്ടം. കഴിഞ്ഞ ദിവസങ്ങളിലായി കൗൺസിലർ ഉൾപ്പെടെ നാലു പേർക്ക് കടിയേറ്റു. പൂക്കോത്ത് തെരുവിൽ കുട്ടിക്കുന്ന് പറമ്പിന് സമീപത്തെ വീടിനു മുന്നിൽ വെച്ചാണ് കൗൺസിലർ കെ. രമേശന് കടിയേറ്റത്. അന്നുതന്നെ രമേശന്റെ അയൽവാസിയായ എം. ആര്യക്കും കടിയേറ്റു.
ആക്രമണകാരിയായ തെരുവു നായെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ കുടിക്കുന്ന് പറമ്പിന് സമീപത്തു തന്നെയുള്ള കെ. സീതക്ക് തെരുവത്തുനിന്നും കീഴാറ്റൂരിലേക്കുള്ള റോഡിൽവച്ച് രോഹിത് മൊട്ടമ്മലിനും തെരുവു നായുടെ കടിയേറ്റു. ഇതോടെ പ്രദേശത്തുള്ളവർ ഭീതിയിലാണെന്നും ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് തെരുവുനായ് ശല്യത്തിനെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
'തെരുവുനായ്ക്കൾ പെരുകുന്നത് അശാസ്ത്രീയ മാലിന്യ സംസ്കരണംമൂലം'
നഗരത്തിൽ തെരുവുനായ്ക്കൾ പെരുകിയതിന് കാരണം കന്റോൺമെന്റ് ഏരിയയിലെ മാലിന്യ സംസ്കരണം ശാസ്ത്രീയമല്ലാത്തതിനാലാണെന്ന് കണ്ണൂർ കോർപ്പറേഷൻ. ഇതുമൂലം ദിനംപ്രതി നൂറു കണക്കിന് നായ്ക്കൾ ഭക്ഷണം തേടിയും മറ്റും അവിടെയെത്തുന്നുണ്ട്. ഇവയിൽ തന്നെ പേയിളകിയവയുമുണ്ടാവും.
താവക്കര കന്റോൺമെന്റ് ഏരിയയിൽ മാലിന്യം കൂട്ടിയിട്ട നിലയിൽ
അവിടെ നിന്നാണ് നായ്ക്കൾ കൂട്ടമായി കോർപ്പറേഷൻ പരിധിയിലെത്തുന്നതെന്ന് കൗൺസിലർ ടി.ഒ. മോഹനൻ മാധ്യമത്തോട് പറഞ്ഞു. കന്റോൺമെന്റ് അധികൃതരുമായി ഇക്കാര്യം സംബന്ധിച്ച് കോർപ്പറേഷൻ സംസാരിച്ചിട്ടുണ്ട്. നേരത്തയുള്ള പോരായ്മകൾ പരിഹരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ശാസ്ത്രീയ മാർഗം തുടരുമെന്നും കന്റോൺമെന്റ് അധികൃതർ കോർപറേഷനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നഗരത്തിൽ 75 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.
കോടതിയെ സമീപിക്കുമെന്ന് മൃഗസ്നേഹികൾ; പൊലീസിലും പരാതി
നഗരത്തിൽ രണ്ടു ദിവസത്തിനകം മൂന്ന് ഷെൽട്ടറുകൾ സ്ഥാപിക്കാനുള്ള കോർപറേഷൻ തീരുമാനം ഉടൻ പിൻവലിക്കണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും മൃഗസ്നേഹി കൂട്ടായ്മ വെഫ. ആവശ്യമുന്നയിച്ച് ശനിയാഴ്ച കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. കൂടാതെ നായ്ക്കളെ തല്ലിക്കൊല്ലുന്നതായി കാണിച്ച് കോർപ്പറേഷനെതിരെ കണ്ണൂർ ടൗൺ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും കൊടുക്കാതെ പട്ടികളെ കൂട്ടിലിടുന്നത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ്. ഭക്ഷണം കിട്ടാത്തതിനാലാണ് നായ്ക്കൾ ആളുകളെ കടിക്കുന്നത്.
സംരക്ഷിക്കേണ്ടതിനു പകരം അവയെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനം. ഇത് റദ്ദാക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുവാനാണ് തീരുമാനം.കൂടാതെ കോർപറേഷൻ വണ്ടിയിലടക്കം നായ്ക്കളെ കൊണ്ടു പോയി കൊല്ലുന്ന സ്ഥിതിയുണ്ടെന്നും ചിലർ ഭക്ഷണം കാട്ടി അടുത്ത് വരുത്തി തല്ലിക്കൊല്ലുന്നുണ്ടെന്നും കേസെടുക്കണമെന്നും കാണിച്ചാണ് പൊലീസിൽ വീഡിയോ സഹിതം പരാതി നൽകിയത്. വെഫ മാനേജിങ് ട്രസ്റ്റി വിവേക് വിശ്വനാഥ് തൃശൂർ, രാധ കമുക്ക, സിന്ധു പ്രകാശ്, ചന്ദ്രരേഖ, പി. അഷ്റഫ്, ദീപ, സൂസി കാഞ്ഞങ്ങാട് എന്നിവരാണ് പരാതി നൽകാനെത്തിയത്.
നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
നഗരത്തിലും പരിസരങ്ങളിലും തെരുവുനായ് ശല്യം അവസാനിപ്പിക്കുന്നതിനായി ജില്ല ഭരണകൂടം സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ, കോർപറേഷൻ സെക്രട്ടറി, ജില്ല പഞ്ചായത്ത് സെക്രട്ടറി എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.