താലൂക്ക് ആശുപത്രി പ്രസവ വാർഡ് അടച്ചിട്ട് രണ്ടുമാസം
text_fieldsതളിപ്പറമ്പ്: മലയോര ജനത ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാരുടെ പ്രസവം നടന്നിരുന്ന തളിപ്പറമ്പ് താലൂക്കാശുപത്രി പ്രസവ വാർഡ് അടച്ചിട്ട് രണ്ടു മാസം പൂർത്തിയാകുന്നു. കഴിഞ്ഞ ഡിസംബർ 16നാണ് പ്രസവ വാർഡ് പൂട്ടിയത്. ഡോക്ടർമാരുടെ അഭാവമാണ് പ്രസവ വാർഡ് പൂട്ടാൻ കാരണമായി അധികൃതർ പറഞ്ഞത്.
വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇരിവേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ താലൂക്കാശുപത്രിയിലേക്ക് ആരോഗ്യവകുപ്പ് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഇവർ ഇതുവരെ തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ ചുമതലയേറ്റിട്ടില്ല.
ഇവിടെ ജോലി ചെയ്യാൻ താൽപര്യമില്ലെന്ന് മെഡിക്കൽ സൂപ്രണ്ടിനെ വാക്കാൽ അറിയിച്ചതായും സൂചനയുണ്ട്. നിലവിൽ മൂന്ന് ഗൈനക്കോളജിസ്റ്റുമാരാണ് താലൂക്കാശുപത്രിയിൽ വേണ്ടത്. ഒരാളുടെ സേവനം മാത്രമാണ് ആശുപത്രിയിൽ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഗൈനക്കോളജി ഒ.പി പോലും ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് ലഭിക്കുന്നത്.
പയ്യന്നൂരിൽ നിന്ന് വർക്ക് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ നിയമിച്ച ഡോക്ടർ ഒ.പിയിലെത്തുന്നവരെ മാത്രമേ ചികിത്സിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ ആരെയും കിടത്തി ചികിത്സിക്കാൻ കഴിയില്ലെന്നും പ്രസവ ശുശ്രൂഷ നടത്താൻ കഴിയില്ലെന്നുമാണ് ആശുപത്രി അധികാരികളുടെ നിലപാട്.
താലൂക്കാസ്ഥാനം കൂടിയായ തളിപ്പറമ്പ് ആശുപത്രിയിൽ നിരവധി പേരാണ് ദിവസേന പ്രസവ ശുശ്രൂഷക്കെത്തി മടങ്ങുന്നത്. ഇവരിൽ വലിയൊരു വിഭാഗം സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ട ഗതികേടിലാണ്. സാധാരണ പ്രസവത്തിന് പോലും സ്വകാര്യ ആശുപത്രികളിൽ വൻ തുകയാണ് ഈടാക്കുന്നത്. ഇത് സാധാരണക്കാർക്ക് താങ്ങാനാവാത്ത സ്ഥിതി ഉണ്ട്.
നേരത്തെ കോൺഗ്രസ് നേതാക്കൾ ഉപവാസം പ്രഖ്യാപിച്ചതിന്റെ തലേന്ന് രാത്രിയാണ് എം.എൽ.എ എം.വി. ഗോവിന്ദൻ പുതിയ ഡോക്ടറെ നിയമിച്ചതായി പത്രക്കുറിപ്പ് ഇറക്കിയത്. ഈ ഡോക്ടറുടെ സേവനം ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ സമരം നിർത്തിയതിലും നാട്ടുകാർ പ്രതിഷേധത്തിലാണ്. പ്രസവ വാർഡ് തുറക്കുന്നതു വരെ പ്രക്ഷോഭം തുടരണമെന്ന ആവശ്യവും ശക്തമാണ്.