ചാച്ചാജിയുടെ ഓർമകളിൽ കരിമ്പത്തെ ബംഗ്ലാവ്
text_fieldsകരിമ്പം ജില്ല കൃഷിത്തോട്ടത്തിലെ ബംഗ്ലാവ്
തളിപ്പറമ്പ്: കുട്ടികളെ സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സന്ദർശിച്ച ബംഗ്ലാവ് ചരിത്രസ്മാരകമായി നിലനിൽക്കുന്നു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കരിമ്പം ജില്ല കൃഷിത്തോട്ടത്തിലെ വിശ്രമ മന്ദിരമാണ് ഇപ്പോഴും സുന്ദരമായി നിലനിർത്തിയിരിക്കുന്നത്.
1905ൽ ബ്രിട്ടീഷ് കാർഷിക ശാസ്ത്രജ്ഞനായ സർ ചാൾസ് ആൽഫ്രഡ് ബാർബർ കൃഷിത്തോട്ടത്തിൽ സ്ഥാപിച്ച ബംഗ്ലാവും അതോടൊപ്പമുള്ള കുതിരാലയവും കാലത്തെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നത് ചരിത്രാന്വേഷികൾക്ക് കൗതുകമാണ്. തേക്കിൻ തടിയിലാണ് ബംഗ്ലാവ് നിർമിച്ചത്. ചിതൽ പിടിച്ച് നശിച്ചുപോയ ചില ഭാഗങ്ങൾ സമീപ കാലത്തായി അറ്റകുറ്റപ്പണി നടത്തിയിരുന്നു.
1959ലാണ് ജവർലാൽ നെഹ്റു മകൾ ഇന്ദിരയുമൊത്ത് ഇവിടെയെത്തിയിരുന്നു. നെഹ്റു വന്നപ്പോൾ അദ്ദേഹത്തെ കാണാൻ വൻ ജനാവലിയും എത്തിച്ചേർന്നു. അദ്ദേഹത്തിന് സ്വീകരണസമയത്ത് ലഭിച്ച മാലകൾ അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് നൽകിയിരുന്നു. അതിലൊരു മാല ലഭിച്ച കുട്ടിയായിരുന്നു കുറുമാത്തൂരിലെ റിട്ടയേർഡ് ജില്ല സാമൂഹിക ക്ഷേമ ഓഫിസർ ടി.ടി. ബാലകൃഷ്ണൻ. കരിമ്പം ജില്ല കൃഷിത്തോട്ടത്തിലെ ബംഗാളിവിനെ കുറിച്ച് ജില്ല സാമൂഹിക ശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചനയുടെ ഭാഗമായി മെസ്‌ന പഠനം നടത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.


