അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സുകൾക്ക് 20,000 രൂപ പിഴ
text_fieldsതളിപ്പറമ്പ്: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കുറുമാത്തൂർ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് നിസാർ, കെ. പത്മനാഭൻ എന്നവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ക്വാട്ടേഴ്സുകൾക്ക് 10,000 രൂപ വീതം സ്ക്വാഡ് പിഴ ചുമത്തി. കുഴൽ കിണർ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യു മെഡിക്ക് സ്പെഷാലിറ്റി ക്ലിനിക്കിന് എതിർവശത്തുള്ള നിസാറിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽലെ മലിനജലം തുറസ്സായി പൊതുറോഡിനു സമീപത്തേക്ക് ഒഴുക്കിവിടുന്നതിനും കുളിമുറിയിൽ നിന്നുള്ള മലിനജലം തുറസ്സായി സമീപത്തെ കുഴിയിലേക്ക് ഒഴുക്കുന്നതിനും ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ക്വാർട്ടേഴ്സിന്റെ പരിസര പ്രദേശങ്ങളിൽ വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് പിഴ ചുമത്തിയത്.
ക്വാർട്ടേഴ്സ് നടത്തിപ്പുകാരന് ഖര- ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശം നൽകി. ഈ ക്വാർട്ടേഴ്സിനു സമീപത്തായി അതിഥി തൊഴിലാളികൾ താമസിക്കുന്ന കെ. പത്മനാഭന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ ജൈവ-അജൈവ മാലിന്യങ്ങൾ കാലങ്ങളായി ഒന്നാം നിലയുടെ സൺഷെയ്ഡിൽ കൂട്ടിയിട്ടതിനും പരിസരങ്ങളിൽ മദ്യകുപ്പികൾ അടക്കമുള്ളവ വലിച്ചെറിഞ്ഞതിനും ക്വാർട്ടേഴ്സിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനും സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി. ക്വാർട്ടേഴ്സിൽ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്നും സ്ക്വാഡ് കണ്ടെത്തി.
ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷറഫ്, സ്ക്വാഡ് അംഗം അലൻ ബേബി, ദിബിൽ, ഹെൽത്ത് ഇൻസ്പെക്ടർ രമ്യ പങ്കെടുത്തു.