അശാസ്ത്രീയ മാലിന്യ സംസ്കരണം; 20,000 രൂപ പിഴയിട്ടു
text_fieldsതളിപ്പറമ്പിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്ത മാലിന്യം
തളിപ്പറമ്പ്: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ നഗരത്തിൽ പ്രവർത്തിച്ചുവരുന്ന ‘റോളുഷ് കഫേ’ സ്ഥാപനത്തിന് 20,000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യം പന്നി ഫാമിലേക്കുള്ള ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ കൊടുത്തുവിട്ടത് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
30ഓളം ബാഗുകളിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും മുട്ടത്തോടും ടിഷ്യൂ പേപ്പറും കൂട്ടിക്കലർത്തിയ രൂപത്തിലും ദുർഗന്ധം പരത്തുന്ന അവസ്ഥയിലുമാണ് മാലിന്യം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ സ്റ്റോർ റൂമിൽനിന്ന് സർക്കാർ ഉത്തരവ് പ്രകാരം നിരോധിത പ്ലാസ്റ്റിക് സ്ട്രോ, കവറുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.
പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രീഷ തുടങ്ങിയവർ പങ്കെടുത്തു.


