മുഖംമിനുങ്ങി തലശ്ശേരി റെയിൽവേ സ്റ്റേഷൻ
text_fieldsതലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അഞ്ചരക്കോടിയിലേറെ രൂപയുടെ പ്രവർത്തനങ്ങളാണ് രണ്ടാംഘട്ടമായി നടക്കുന്നത്. പാലക്കാട് ഡിവിഷനിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണിത്. വികസനം പൂർത്തിയാവുന്നതോടെ മലബാറിലെ മികച്ച സ്റ്റേഷനായി തലശ്ശേരി മാറും.
കിഴക്കൻ മേഖലയിൽ നിന്നടക്കമുള്ളവർ ആശ്രയിക്കുന്ന , മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് വരുമാനത്തിലും മുന്നിലാണ്. കോടിയേരി മലബാർ കാൻസർ സെന്ററിലേക്ക് എത്തേണ്ട രോഗികൾക്കും കൊട്ടിയൂരിലേക്കുള്ള തീർഥാടകർക്കും തലശ്ശേരിയാണ് ഏറെ ആശ്രയം. വികസനം പൂർത്തിയാവുന്നതോടെ രോഗികൾക്ക് സ്റ്റേഷനിൽ വിശ്രമിച്ച് യാത്രചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാകും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുന്ന രീതിയിൽ ടിക്കറ്റ് കൗണ്ടർ വിപുലീകരിക്കും.
നിലവിലെ പാർക്കിങ്ങ് ഏരിയക്ക് പുറമെ ഒന്നാം പ്ലാറ്റ്ഫോമിന് മുൻവശത്ത് 7000 സ്ക്വയർ മീറ്ററിലേറെ വിസ്തൃതിയുള്ള പുതിയ പാർക്കിങ്ങ് ഏരിയയുടെ നിർമാണ പ്രവർത്തിയും പുരോഗമിച്ചു വരികയാണ്. സ്റ്റേഷന് മുൻവശത്ത് സന്നദ്ധ സംഘടനയുടെ സഹായത്തോടെ മനോഹരമായ പൂന്തോട്ടം നിർമിക്കും. കൂടുതൽ ടോയ്ലറ്റുകളും സ്ഥാപിക്കും. പ്ലാറ്റ്ഫോമിൽ കൂടുതൽ ഇരിപ്പിടങ്ങളും സ്റ്റാളുകളും സജ്ജമാക്കും. നിലവിൽ ഓട്ടോറിക്ഷകൾ ഉൾപ്പടെ പാർക്ക്ചെയ്യുന്ന സ്ഥലങ്ങൾ ഇന്റർലോക്ക് ചെയ്ത് മോടിയാക്കും. വാഹനങ്ങൾ കടന്നുപോകുന്നതിനായി വൺവേ സംവിധാനം നടപ്പാക്കും. രണ്ടാം പ്ലാറ്റ്ഫോമിനു പിറകില്‍ അലൂമിനിയം പാനല്‍, എച്ച്.പി.എല്‍ ഷീറ്റ്, ഗ്ലാസ് എന്നിവ ഉപയോഗിച്ചുള്ള ഫേക്കഡ് വാള് നിര്‍മിച്ചു മോടി കൂട്ടും. സൗകര്യങ്ങൾ വർധിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ.
അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെടുന്നത് ഏറെ സൗകര്യപ്രദമാണെന്ന് യാത്രക്കാരും പറയുന്നു. ഒപ്പം കൂടുതൽ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമുയരുകയാണ്. അതേസമയം, ഒന്നാംഘട്ട പ്രവർത്തിയുടെ ഭാഗമായി യാത്രക്കാര്‍ക്കായി ആറ് വെന്‍ഡിങ് മെഷീനുകൾ, ഡിജിറ്റൽ ബോർഡുകൾ, പെയിഡ് എ.സി വെയിറ്റിങ് റൂം എന്നിവ സ്ഥാപിച്ചിരുന്നു. ഏഴര കോടി രൂപ ചിലവിൽ സുരഭി കൺസ്ട്രക്ഷൻസാണ് ഒന്നാംഘട്ട വികസനം നടത്തിയിരുന്നത്. കർണാടക തുംകൂർ ആസ്ഥാനമായുള്ള വി.എസ് കൺസ്ട്രക്ഷനാണ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് പ്ലാറ്റ് ഫോമിലുമെത്തുന്ന യാത്രക്കാർക്ക് വാഹനങ്ങൾ നിർത്തിയിടാൻ വിശാലമായ പാർക്കിങ്ങ് സൗകര്യത്തിന് മുന്തിയ പരിഗണനയാണ് തലശ്ശേരിയിൽ നൽകുന്നത്.