ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ചകേസിൽ10 സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും
text_fieldsതലശ്ശേരി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ സഹോദരങ്ങളെ വധിക്കാൻ ശ്രമിച്ച കേസിൽ 10 സി.പി.എം പ്രവര്‍ത്തകർക്ക് തടവും പിഴയും. ഇരിവേരി മുതുകുറ്റി ചാലില്‍ പൊയില്‍ വീട്ടില്‍ സി.പി. രഞ്ജിത്ത് (40), സഹോദരന് സി.പി. രജീഷ് (38) എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി തലവില്‍ ചെമ്പിലോട് സ്വദേശി ലിജിന്‍ (33), മൂന്നാം പ്രതി തലവില്‍ ചാലില്‍ പറമ്പത്ത് ഹൗസില്‍ വിജില്‍ (39), ആറാം പ്രതി കണയന്നൂര്‍ മുക്കണ്ണന്മാര് ഹൗസില്‍ ഷിനോജ് (38), എട്ടാം പ്രതി ചെമ്പിലോട് പീടികക്കണ്ടി ഹൗസില്‍ ഹാഷിം എന്ന ബ്രോക്കര്‍ ഹാഷിം (45) എന്നിവർക്ക് 18 വർഷവും ഒരു മാസം വീതം തടവും 42,000 രൂപ വീതം പിഴയും, നാലാം പ്രതി തലവില്‍ കുനിമേല്‍ ഹൗസില്‍ സുധി (44), അഞ്ചാം പ്രതി മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസില്‍ മിഥുന് (32), ഏഴാം പ്രതി കണയന്നൂര്‍ പാടിച്ചാല്‍ ഹൗസില്‍ സായൂജ് (35), പത്താം പ്രതി തലവില്‍ കുളങ്ങര മഠത്തില്‍ ഹൗസില്‍ സുബിന് (37), പന്ത്രണ്ടാം പ്രതി ചെമ്പിലോട് ലക്ഷം വീട് കോളനിയിലെ റനീഷ് (36), പതിമൂന്നാം പ്രതി ചെമ്പിലോട് വിനീത് നിവാസില്‍ പറമ്പത്ത് വിനീത് (37) എന്നിവർക്ക് 17 വർഷവും ഒരു മാസം വീതം തടവും 42,000 രൂപ വീതം പിഴയുമാണ് ശിക്ഷ. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.
പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴ സംഖ്യയിൽ നിന്ന് നാലു ലക്ഷം രൂപ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിന് നൽകണം. 13 സി.പി.എം പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഒമ്പതാം പ്രതി ഇരിവേരി ഈയ്യത്തുംചാല് ഹൗസില്‍ ഷിനാല്‍ (33), പതിനൊന്നാം പ്രതി ചെമ്പിലോട് രമ്യ നിവാസില്‍ രാഹുല്‍ (32) എന്നിവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇവർക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. കേസിലെ ഒന്നാം പ്രതി ഇരിവേരി മത്തിപാറേമ്മൽ വീട്ടിൽ വിനു വിചാരണ വേളയില്‍ ഹാജരാവാത്തതിനാല്‍ കേസ് പിന്നീട് പ്രത്യേകം പരിഗണിക്കും. 2015 ഫെബ്രുവരി 25 ന് രാവിലെ 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം.
ബൈക്കില്‍ യാത്രചെയ്യവെ മുതുകുറ്റിയില്‍ വെച്ച് രഞ്ജിത്തിനെയും സഹോദരൻ രജീഷിനെയും അക്രമിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളോളം ചികിത്സയിലായിരുന്നു. ഇയാളുടെ തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വലത് കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കേസിലെ പതിനൊന്നാം പ്രതി രാഹുല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ. രൂപേഷ് ഹാജരായി.