തലശ്ശേരി പൈതൃക തീർഥാടന ടൂറിസത്തിന് 25 കോടി
text_fieldsതലശ്ശേരി: സ്വദേശി ദർശൻ 2.0 സ്കീമിൽ ഉൾപ്പെടുത്തി തീർഥാടന ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് പൈതൃക നഗരിയായ തലശ്ശേരിക്ക് 25 കോടി രൂപയുടെ ഭരണാനുമതിയായി. കേന്ദ്ര ടൂറിസം വകുപ്പിന്റെ ഭരണാനുമതിയാണ് ഇപ്പോൾ ലഭിച്ചത്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് ടൂറിസം കേന്ദ്രങ്ങൾ ആകർഷകമാക്കാനും തീർഥാടന ടൂറിസം കേന്ദ്രമായി തലശ്ശേരിയെയും പരിസര പ്രദേശങ്ങളെയും ഉയർത്തിക്കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു.
തായലങ്ങാടി പൈതൃക തെരുവ് നവീകരണത്തിന് നാല് കോടി, ചിറക്കക്കാവിന് 1.51 കോടി, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് 4.98 കോടി, പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമിക്ക് 1.93 കോടി, ചൊക്ലി നിടുമ്പ്രം തെയ്യം കലാ അക്കാദമിക്ക് 1.23 കോടി, ഹരിത ടൂറിസത്തിന് 3.25 കോടി, സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ 2.66 കോടി, മാർക്കറ്റിങ് പ്രൊമോഷന് 25 ലക്ഷം, ട്രെയിനിങ്, വർക്ക്ഷോപ്പുകൾ എന്നിവക്ക് 52 ലക്ഷം എന്നിങ്ങനെ ആറ് ഘടക പദ്ധതികളിലായാണ് 25 കോടിയുടെ പ്രവർത്തനാനുമതി ലഭ്യമായത്.
പദ്ധതി പ്രവർത്തനങ്ങൾക്കുള്ള സ്ഥലം, പിന്തുണാ സംവിധാനങ്ങൾ എന്നിവ സംസ്ഥാന സർക്കാർ ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്പീക്കർ എ.എൻ. ഷംസീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും വിവിധ ഘട്ടങ്ങളിലായി നടന്ന ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിരന്തര ചർച്ചയുടെ ഭാഗമായാണ് തലശ്ശേരിക്ക് ഇത്രയും വലിയൊരു പദ്ധതി അംഗീകാരം ലഭിച്ചത്.