ആലുവ സംഭവം; അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി
text_fieldsതലശ്ശേരിയിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ ആധാർ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നു
തലശ്ശേരി: നഗരങ്ങളിലും മറ്റും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന അന്തർസംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവര ശേഖരണം തുടങ്ങി. ലേബർ വകുപ്പിന്റെ മേൽനോട്ടത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
നഗരങ്ങളിലെ ലോഡ്ജുകളിലും മറ്റിടങ്ങളിലും താമസിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണവും പൂർണ വിവരങ്ങളും രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. ആലുവയിൽ അന്തർസംസ്ഥാന തൊഴിലാളിയായ യുവാവ് വീട്ടിനടുത്ത് താമസിക്കുന്ന കുടുംബത്തിലെ അഞ്ചു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
സർക്കാർ നിർദേശ പ്രകാരമാണിത്. ഓരോ തൊഴിലാളിയുടെയും വ്യക്തിസംബന്ധമായ വിവരങ്ങൾ, ആധാർ രേഖകൾ, താമസിക്കുന്ന ഇടങ്ങൾ, ജോലിചെയ്യുന്ന സ്ഥാപനങ്ങൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
തൊഴിൽ സ്ഥാപനങ്ങളുടെയും താമസിക്കുന്ന ലോഡ്ജുകൾ, വീടുകൾ, ക്വാർട്ടേഴ്സുകൾ എന്നിവയുടെ ഉടമകളുടെയും വിവരങ്ങൾ ഇതുവഴി ശേഖരിക്കുന്നുണ്ട്. നഗരസഭകൾ, പഞ്ചായത്തുകൾ, ലേബർ ഓഫിസുകൾ എന്നിവിടങ്ങളിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ യഥാർഥ എണ്ണമോ മറ്റു വിവരങ്ങളോ നിലവിൽ ലഭ്യമല്ല. മോഷണം, പിടിച്ചുപറി, മറ്റതിക്രമങ്ങൾ എന്നിവയിൽ ഇവർ പ്രതികളാവുന്നത് അടുത്തകാലത്തായി വർധിച്ചിരിക്കുകയാണ്.
ഇത്തരം കേസുകളിൽ പ്രതികളാകുന്നവർ മറ്റിടങ്ങളിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. പ്രതികളെ പിടിക്കാൻ പൊലീസ് കേരളത്തിന് പുറത്തും അന്വേഷിച്ച് പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.