തലശ്ശേരി റെയിൽവേ സ്റ്റേഷൻ; നിർത്താതെ കൂകിപ്പാഞ്ഞ് നിരവധി ട്രെയിനുകൾ
text_fieldsതലശ്ശേരി റെയിൽവേ സ്റ്റേഷൻ
തലശ്ശേരി: അന്ത്യോദയ എക്സ്പ്രസിനും ഗരീബ് രഥ് എക്സ്പ്രസിനും തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന മുറവിളി ഉയരുന്നു. ഒരു മാസക്കാലത്തോളം നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തലശ്ശേരിയിൽ ഫെസ്റ്റിവൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള 16355/16356 അന്ത്യോദയ എക്സ്പ്രസിനും 12201/ 12202 KCVL- LTT ഗരീബ് രഥ് എക്സ്പ്രസിനും തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. തലശ്ശേരി സ്റ്റേഷനിൽ വന്ദേഭാരത് അടക്കം 23 ദീർഘദൂര വണ്ടികളാണ് നിർത്താതെ കൂകിപ്പായുന്നത്.
മലബാറിലെ യാത്രാദുരിതം പരിഹരിക്കാൻ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന 16511/16512 ബംഗളൂരു-കണ്ണൂർ എക്സ്പ്രസിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ച് കോഴിക്കോടുവരെ നീട്ടാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകി ഒരുവർഷം കഴിഞ്ഞെങ്കിലും ട്രെയിൻ ഇതുവരെ ഓടിത്തുടങ്ങിയിട്ടില്ല.
1901 ആഗസ്റ്റ് 19ന് കമീഷൻ ചെയ്ത നോൺ സബർബൻ ഗ്രേഡ് മൂന്ന് എ ക്ലാസിൽപ്പെട്ടതാണ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ പാലക്കാട് ഡിവിഷനിലെ ആറ് എ-ക്ലാസ് സ്റ്റേഷനുകളിലൊന്ന് തലശ്ശേരിയായിരുന്നു. കോഴിക്കോട് കഴിഞ്ഞാൽ തലശ്ശേരിയും തലശ്ശേരി കഴിഞ്ഞാൽ മംഗളൂരുവിലും മാത്രമായിരുന്നു ട്രെയിനുകൾ നിർത്തിയിരുന്നത്.
യാത്രക്കാരുടെ എണ്ണമാകട്ടെ നാൾക്കുനാൾ വർധിക്കുന്നുണ്ടെങ്കിലും ദീർഘദൂര ട്രെയിനുകൾ നിർത്താൻ റെയിൽവേ വൈമനസ്യം കാട്ടുന്നു. അമൃത ഭാരത് പദ്ധതി പ്രകാരം കോടിക്കണക്കിന് രൂപയുടെ വികസന പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ യാത്ര സൗകര്യത്തിന്റെ കാര്യത്തിൽ റെയിൽവേ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല.
പാലക്കാട് ഡിവിഷനിൽ വരുമാനത്തിന്റെ കാര്യത്തിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന തലശ്ശേരിയുടെ വാർഷിക വരുമാനം 42 കോടി രൂപയാണ്. കണ്ണൂർ ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനവും രജിസ്ട്രേഷൻ വകുപ്പിന്റെ ജില്ല ആസ്ഥാനവുമാണ് തലശ്ശേരി. കണ്ണൂർ വിമാനത്താവളം (മട്ടന്നൂർ) ആറളം സ്റ്റേറ്റ്ഫാം, കോടിയേരി മലബാർ കാൻസർ സെന്റർ, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, നവോദയ വിദ്യാലയം, ശ്രീ കൊട്ടിയൂർ ശിവക്ഷേത്രം, എൻ.ടി.ടി.എഫ്, കണ്ണൂർ സർവകലാശാല സെന്റർ എന്നിവിടങ്ങളിലേക്കും കിഴക്കൻ മലയോര പ്രദേശങ്ങൾ ഉൾപ്പെടെ വയനാട് ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാരും ദീർഘദൂര യാത്രക്ക് മാഹിക്കാരും (പുതുച്ചേരി സംസ്ഥാനം) തലശ്ശേരി സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
അന്ത്യോദയ എക്സ്പ്രസിനും ഗരീബ് രഥ് എക്സ്പ്രസിനും സ്റ്റോപ്പ് അനുവദിക്കുന്നതോടോപ്പം ബംഗളൂരൂ-കണ്ണൂർ എക്സ്പ്രസിനും ഉടൻ പച്ചക്കൊടി കാട്ടണമെന്ന് തലശ്ശേരി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നു. സ്റ്റോപ്പ് നൽകണമെന്നാവശ്യപ്പെട്ട് ദക്ഷിണ മേഖല റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റൗട്ടിന് അസോസിയേഷൻ നിവേദനം നൽകിയിട്ടുണ്ട്.


