കൈക്കൂലി കേസ്; വില്ലേജ് ഓഫിസർക്കും അസിസ്റ്റന്‍റിനും തടവും പിഴയും
text_fieldsതലശ്ശേരി: കൈക്കൂലി കേസിൽ വില്ലേജ് ഓഫിസർക്കും വില്ലേജ് അസിസ്റ്റന്റിനും തടവും പിഴയും. മുൻ വില്ലേജ് ഓഫിസറും നിലവിൽ കണ്ണൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാറും കണ്ണൂർ ബക്കളം സ്വദേശിയുമായ കെ.വി. ഷാജു (55), മുൻ വില്ലേജ് അസിസ്റ്റന്‍റ് ഏച്ചൂരിലെ സി.വി. പ്രദീപൻ (59) എന്നിവർക്ക് വിവിധ വകുപ്പുകളിൽ അഞ്ച് വർഷം കഠിനതടവും 90,000 രൂപ പിഴയും ഈടാക്കി.
തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ പരാതിക്കാരന് കോടതി വിധിയിലൂടെ ലഭിച്ച വസ്തുവിന്റെ നികുതി സ്വീകരിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
2012ൽ വസ്തുവിന്റെ നികുതി അടക്കുന്നതിന് കണ്ണൂർ വില്ലേജ് ഓഫിസിൽ നികുതി അപേക്ഷ നൽകി. നികുതി സ്വീകരിക്കുന്നതിന് കെ.വി. ഷാജു 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വസ്തു അളക്കുമ്പോൾ 9,000 രൂപ ആദ്യ ഗഡുവായി നൽകി.
തുടർന്ന് ബാക്കി തുക 1000 രൂപ പരാതിക്കാരനിൽ നിന്നും വാങ്ങുമ്പോൾ കണ്ണൂർ വിജിലൻസ് കെ.വി. ഷാജുവിനെ പിടികൂടി കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്‍റ് സി.വി. പ്രദീപനും കൈക്കൂലി ഇടപാടിൽ പങ്കുള്ളതായി വിജിലൻസ് കണ്ടെത്തി. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ. ഉഷാകുമാരി, പി. ജിതിൻ എന്നിവർ ഹാജരായി.


