തലശ്ശേരിയിൽ ടയർ കള്ളൻ; പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ പുതിയ ടയറുകൾ മോഷണം പോയി
text_fieldsതലശ്ശേരി: സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്റെ നാല് പുതിയ ടയറുകൾ മോഷണം പോയതായി പരാതി. മാഹി സ്വദേശി മുഹമ്മദ് റാസിന്റെ കാറിന്റെ ടയറുകളാണ് ജൂബിലി റോഡിലെ പാർക്കിങ്ങ് ഗ്രൗണ്ടിൽനിന്ന് വിഷുദിനത്തിൽ രാത്രി മോഷണം പോയത്.
മാഹിയിൽനിന്ന് സുഹൃത്തിന്റെ കുടുംബത്തോടൊപ്പം തലശ്ശേരിയിലെ തിയറ്ററിൽ എത്തിയതായിരുന്നു മാഹി പാറക്കൽ മനോത്ത് ഹൗസിൽ മുഹമ്മദ് റാസിൻ. ജൂബിലി റോഡിൽ ചന്ദ്രവിലാസ് ഹോട്ടലിന് സമീപത്തെ പാർക്കിങ് ഏരിയയിൽ കാർ നിർത്തിയിശേഷം സിനിമ കാണാൻ പോയി. തിരിച്ചെത്തി കാറെടുക്കാൻ നോക്കിയപ്പോൾ കാറിന്റെ നാല് പുതിയ ടയറുകളും കാണാനില്ല.
പകരം മുൻവശത്ത് പഴഞ്ചൻ ടയറുകൾ ഘടിപ്പിച്ച നിലയിലായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ മുഹമ്മദ് റാസിൻ തലശ്ശേരി പൊലീസിൽ പരാതി നൽകി. പിന്നീട് മറ്റൊരു വാഹനത്തിൽ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു. പാർക്കിങ് ഏരിയയിൽ വെളിച്ചമോ നിരീക്ഷണ കാമറയോ ഉണ്ടായിരുന്നില്ല. നേരത്തേയും നിരവധി വാഹനങ്ങളുടെ ടയറുകളും മറ്റ് ഉപകരണങ്ങളും ഇവിടെനിന്ന് മോഷണം പോയതായി പരാതി ഉയർന്നിരുന്നു.