പിണറായി കുത്തക കാക്കാൻ സി.പി.എം
text_fieldsകെ. അനുശ്രീ,അഡ്വ. ജ്യോതി ജഗദീഷ്
തലശ്ശേരി: മുഖ്യമന്ത്രിയുടെ തട്ടകമായ പിണറായി ഡിവിഷനിൽ സി.പി.എം ജില്ല കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എരുവട്ടി സ്വദേശിനി കെ. അനുശ്രീയാണ് ഇടതു സ്ഥാനാർഥി. എതിരാളിയായി രംഗത്തുള്ളത് തലശ്ശേരി ബാറിലെ അഭിഭാഷക ജ്യോതി ജഗദീഷ്. ഇടത് ചേർന്ന് നിൽക്കുന്ന പിണറായി ഡിവിഷനിൽ ഭൂരിപക്ഷം കുറക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
വോട്ട് പരമാവധി നേടിയെടുക്കാമെന്നുള്ള ലക്ഷ്യത്തോടെയാണ് ബലാബലത്തിന് അഭിഭാഷകയെ കോൺഗ്രസ് രംഗത്തിറക്കിയത്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ പിണറായി, പാലയാട്, ധർമടം, കൂടക്കടവ് മുഴപ്പിലങ്ങാട് എന്നീ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ് പിണറായി ഡിവിഷൻ.
64512 വോട്ടർമാരുണ്ട്. 27 കാരിയായ അനുശ്രീ എസ്.എഫ്.ഐ കണ്ണൂർ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ സർവകലാശാല യൂനിയൻ ലേഡി വൈസ് ചെയർപേഴ്സൻ, സംസ്കൃത സർവകലാശാല യൂനിയൻ ചെയർപേഴ്സൻ എന്നീ ചുമതലകളും വഹിച്ചു. എം.എ ബിരുദധാരിയാണ്. വിദ്യാർഥി സമരത്തിനിടെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയായ ജ്യോതി ജഗദീഷ് 1997 മുതൽ തലശ്ശേരി ജില്ല കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നു.
2004 മുതൽ ധർമടം മണ്ഡലത്തിൽ കോൺഗ്രസിൽ സജീവമായി പ്രവർത്തിക്കുന്നു. മണ്ഡലം മഹിള കോൺഗ്രസ് അധ്യക്ഷ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മെംബർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.


