ജില്ല അത് ലറ്റിക് മീറ്റ്; കണ്ണൂർ അക്കാദമി രണ്ടാം ദിനവും മുന്നിൽ
text_fieldsപെൺകുട്ടികളുടെ 200 മീറ്റർ ഓട്ടം മത്സരത്തിൽ നിന്ന്
തലശ്ശേരി: ജില്ല അത് ലറ്റിക് ചാമ്പ്യൻഷിപ് രണ്ടാം ദിനവും നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ അത് ലറ്റിക് അക്കാദമി മുന്നിൽ. വെള്ളിയാഴ്ച 109 ഇനം പൂർത്തിയായപ്പോൾ 132 പോയന്റുമായി ഒന്നാം സ്ഥാനത്താണ് കണ്ണൂർ അത് ലറ്റിക് അക്കാദമി. ആദ്യദിനം ധർമടം ഗവ. ബ്രണ്ണൻ കോളജ് സായ് സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നതെങ്കിൽ വെള്ളിയാഴ്ച തലശ്ശേരി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
വ്യാഴാഴ്ച വൈകീട്ട് മഴ മത്സരത്തിന് അൽപനേരം തടസ്സമായെങ്കിലും തെളിഞ്ഞ കാലാവസ്ഥ വെള്ളിയാഴ്ചത്തെ മത്സരത്തിന് അനുകൂലമായി. തലശ്ശേരി അത് ലറ്റിക്സ് ക്ലബാണ് 102 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ളത്. 92 പോയന്റുമായി ഗവ. മുനിസിപ്പൽ വി.എച്ച്.എസ്.എസ് കണ്ണൂർ മൂന്നാം സ്ഥാനത്താണ്. ചെറുപുഴ മീന്തുള്ളി ക്യാപ്റ്റൻ അക്കാദമി 70 പോയന്റുമായി നാലും യുവധാര കതിരൂർ (50), ഗവ. ബ്രണ്ണൻ കോളജ് (50) പോയന്റും നേടി തൊട്ടു പിന്നാലെയുണ്ട്. രണ്ടാം ദിനത്തിലും രണ്ട് മീറ്റ് റെക്കോഡുകൾ പിറന്നു. വ്യാഴാഴ്ചയും രണ്ട് മീറ്റ് റെക്കോഡുണ്ടായിരുന്നു. മത്സരം ശനിയാഴ്ച സമാപിക്കും. വൈകീട്ട് 5.15ന് നടക്കുന്ന സമാപന ചടങ്ങിൽ സാഫ് ഗെയിംസ് മെഡലിസ്റ്റ് വി.ടി. ഷിജില മുഖ്യാതിഥിയായിരിക്കും.