നവീന്‍ ബാബുവിന്റെ മരണം; ഭാര്യ മഞ്ജുഷയുടെ ഹരജിയിൽ നാളെ വിധിപറയും
text_fieldsതലശ്ശേരി: കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജിയിൽ ശനിയാഴ്ച വിധി പറയും.
ഹരജിഭാഗം അഭിഭാഷകന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട തലശ്ശേരി അഡീഷനൽ ജില്ല കോടതി (രണ്ട്) യാണ് വിധി പറയുക. നേരത്തേ നടന്ന അന്വേഷണത്തിൽ സംശയം ഉന്നയിച്ചാണ് നവീൻ ബാബുവിന്റെ ഭാര്യ ഹരജി നൽകിയത്. പ്രതിയുടെ ഫോണ്‍ സംഭാഷണം അന്വേഷണസംഘം മുമ്പാകെ ഹാജരാക്കിയില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജോണ്‍ എസ്. റാല്‍ഫ് വാദിച്ചിരുന്നു.
അതിനാല്‍ പുനരന്വേഷണം വേണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. അതേസമയം, അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാറും കോടതി മുമ്പാകെ ബോധിപ്പിച്ചു. കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കായി അഡ്വ. കെ. വിശ്വനാണ് ഹാജരായത്. 2024 ഒക്ടോബര്‍ 15ന് രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.


