പൊതുസ്ഥലത്ത് മാലിന്യം തള്ളി; ഹോട്ടലിന് 5,000 രൂപ പിഴ
text_fieldsതലശ്ശേരി എ.വി.കെ നായർ റോഡിലെ പൊതുസ്ഥലത്ത്
തള്ളിയ മാലിന്യം
തലശ്ശേരി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലിന് നഗരസഭ ആരോഗ്യ വിഭാഗം 5,000 രൂപ പിഴ ചുമത്തി. എ.വി.കെ നായർ റോഡ് മുജാഹിദ് പള്ളിക്ക് സമീപത്തെ മുസ് ലിം ലീഗ് ഓഫിസ് കെട്ടിടത്തിന് പിറകുവശത്തായി കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ കൈരളി ഹോട്ടലിനാണ് പിഴ ചുമത്തിയത്.
തള്ളിയ ഹോട്ടൽ മാലിന്യം സ്ഥാപന ഉടമയെകൊണ്ട് തിരിച്ചെടുപ്പിക്കുകയും ചെയ്തു. നഗരസഭയുടെ നിർദേശത്തെ തുടർന്ന് വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന്റെ ഭാഗമായി ആഴ്ചകൾക്കുമുമ്പ് ഇവിടെ ശുചീകരിച്ച് വൃത്തിയാക്കിയിരുന്നു. ശുചീകരണം നടത്തിയ സ്ഥലത്താണ് ഇരുട്ടിന്റെ മറവിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചത്.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുമെന്നും വീണ്ടും കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് കാൻസൽ ചെയ്യുന്നത് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ സി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ രജിന, അനിൽ കുമാർ, കുഞ്ഞിക്കണ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


