തലശ്ശേരി-മാഹി ബൈപാസ്; ഉദ്ഘാടനത്തിന് നാടൊരുങ്ങി
text_fieldsതലശ്ശേരി-മാഹി ബൈപാസ്
തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസ് ഉദ്ഘാടനം നാടിന്റെ ആഘോഷമാകും. തിങ്കളാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴിയാണ് ബൈപാസ് സമർപ്പിക്കുന്നത്. രാവിലെ 11.30 മുതൽ ഉച്ച രണ്ടുവരെയുള്ള സമയത്താണ് ഇതിന്റെ ലൈവ് പ്രക്ഷേപണം നടക്കുക. തലശ്ശേരി ചോനാടത്ത് പ്രത്യേക വേദിയിൽ ഇത് കാണാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും സ്പീക്കർ എ.എൻ. ഷംസീറും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ആയിരം പേർക്ക് ഇരിക്കാവുന്നതാണ് വേദി. വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഉദ്ഘാടന ശേഷം കെ.എസ്.ആർ.ടി.സി ഡബിൾഡെക്കർ ബസിൽ സ്പീക്കറും മന്ത്രിയും ഉൾപ്പടെയുള്ളവർ ബൈപാസിലൂടെ മുഴപ്പിലങ്ങാട് വരെ യാത്ര നടത്തും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. പുതുച്ചേരി മുഖ്യമന്ത്രി എൻ. രങ്കസ്വാമി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി, വി.കെ. സിങ്, പുതുച്ചേരി പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മിനാരായണൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി പങ്കെടുക്കും. മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് അഴിയൂരിൽ അവസാനിക്കുന്ന ബൈപാസ് പുതുച്ചേരി സംസ്ഥാനത്തിലെ മാഹി വഴിയാണ് കടന്നുപോകുന്നത്.
യാഥാർഥ്യമാകുന്നത് സ്വപ്ന പദ്ധതി
പതിറ്റാണ്ടുകൾ നീണ്ട വടക്കെ മലബാറിന്റെ കാത്തിരിപ്പാണ് ഇന്ന് സഫലമാകുന്നത്. തലശ്ശേരി-മാഹി ബൈപാസ് തിങ്കളാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുളള ഗതാഗതം സുഗമമാകും. അഞ്ച് ദിവസത്തെ ട്രയൽ റണ്ണിനൊടുവിലാണ് ബൈപാസ് ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്നതാണ് 18.6 കിലോമീറ്റർ ബൈപാസ്. തലശ്ശേരി, മാഹി ടൗണുകളിൽ പ്രവേശിക്കാതെ ദേശീയപാതവഴി കടന്നുപോകാൻ ബൈപാസ് തുറക്കുന്നതോടെ സാധിക്കും. ധർമടം, തലശ്ശേരി, മാഹി, വടകര നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ബൈപാസിൽ നാല് വമ്പൻ പാലങ്ങളും ഒരു മേൽപാലവുമുണ്ട്. 893 കോടി രൂപയാണ് ബൈപാസിന് മതിപ്പ് ചെലവ് പ്രതീക്ഷിച്ചത്. പൂർത്തിയാവുമ്പോൾ 1300 കോടി രൂപയോളം ചെലവായി. 45 മീറ്റർ വീതിയിലാണ് റോഡ്. ഇരുഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവിസ് റോഡുമുണ്ട്. ബൈപാസിൽ നാല് വലിയ പാലങ്ങളും 22 അടിപ്പാതയും ഒരു മേൽപാതയും ഒരു റെയിൽവേ മേൽപാലവുമുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് സ്ഥലമെടുപ്പ് പൂർത്തിയാക്കി 2018ൽ പ്രവൃത്തി ആരംഭിച്ചത്. ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു കരാർ.
ടോൾ പിരിവ് ഇന്ന് മുതൽ
തലശ്ശേരി-മാഹി ബൈപാസിലെ ടോൾ പിരിവ് ഇന്ന് രാവിലെ എട്ട് മുതൽ ആരംഭിക്കും. ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എ.വി എൻറർപ്രൈസസ് അധികൃതർ അറിയിച്ചു. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.