അഭിമന്യു ഇനി മാതൃകരങ്ങളിലേക്ക്
text_fieldsഅഭിമന്യുവിനെ കൊണ്ടുപോകാനെത്തിയ മാതാപിതാക്കളും ബന്ധുക്കളും
തലശ്ശേരി: മഹാരാഷ്ട്രയിൽനിന്ന് കാണാതായ പതിനാലുകാരൻ അഭിമന്യുവിനെ തേടി മാതാപിതാക്കളും ബന്ധുക്കളും തലശ്ശേരിയിലെത്തി. മകനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് മാതാവ് പിരീഷ ബോസ് ലെയുടെ കണ്ണുകൾ ഈറനണിഞ്ഞു. പിതാവ് സുരേഷ് ബോസ് ലെക്കും മകനെ കണ്ടപ്പോൾ ആഹ്ലാദം അടക്കാനായില്ല.അമരാവതിയിൽനിന്ന് രണ്ട് ബന്ധുക്കൾക്കൊപ്പമാണ് മാതാപിതാക്കളായ സുരേഷ് ബോസ് ലെയും പിരീഷ ബോസ് ലെയും വെള്ളിയാഴ്ച തലശ്ശേരിയിലെത്തിയത്. വൈകാരിക മുഹൂർത്തങ്ങൾക്കാണ് തലശ്ശേരി ചിൽഡ്രൻസ് ഹോം സാക്ഷിയായത്.
അമരാവതിയിൽ ഭിന്നശേഷി സ്കൂൾ വിദ്യാർഥിയായ അഭിമന്യുവിനെ കണ്ടെത്താൻ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കാണാനില്ലെന്ന നോട്ടീസുകൾ വിവിധ സ്ഥലങ്ങളിൽ പതിച്ചു. കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയും അന്വേഷണം തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് തലശ്ശേരിയിലുള്ളതായി വിവരം ലഭിച്ചത്. ഉടൻ മാതാപിതാക്കൾ ഇങ്ങോട്ടേക്ക് പുറപ്പെടുകയായിരുന്നു.
ട്രെയിനുകൾ പലതും മാറിക്കയറിയാണ് അഭിമന്യു കണ്ണൂരിലെത്തിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആഗസ്റ്റ് ഒമ്പതിന് കണ്ടെത്തിയ കുട്ടിയെ തലശ്ശേരി ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. വീട് അമരാവതി ജില്ലയിലെ നന്ദ്കാവ് എന്നു മാത്രമാണ് കുട്ടി പറഞ്ഞിരുന്നത്. മിസ്സിങ് പേഴ്സൻ കേരള വാട്സ്ആപ് ഗ്രൂപ് മുഖേന രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങി.
ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷറഫ് ഉൾപ്പെടെയുള്ളവരാണ് ഗ്രൂപ്പിന്റെ അഡ്മിന്മാർ. കുട്ടിയുടെ ഫോട്ടോ കണ്ട് ഗ്രൂപ്പിലെ അംഗമായ ഝാർഖണ്ഡ് സ്വദേശി ശർമയാണ് രക്ഷിതാക്കളെ കണ്ടെത്തുന്നത്. മുഹമ്മദ് അഷ്റഫ് കുട്ടിയുമായി വിഡിയോ കാൾ മുഖേന രക്ഷിതാക്കളുമായി സംസാരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന അഭിമന്യുവിനെ മഹാരാഷ്ട്ര പൊലീസ് സാന്നിധ്യത്തിൽ ശനിയാഴ്ച രക്ഷിതാക്കൾക്ക് കൈമാറും.