ഇടത് കുത്തകയിൽ തലശ്ശേരി
text_fieldsഒന്നര നൂറ്റാണ്ടിലേറെ ചരിത്ര പാരമ്പര്യമുള്ളതാണ് തലശ്ശേരി നഗരസഭ. മുൻ കാലങ്ങളിൽ ഇടത്-വലത് മുന്നണികൾ മാറി ഭരണത്തിലുണ്ടായിരുന്നെങ്കിലും മൂന്ന് പതിറ്റാണ്ട് മുമ്പ് കോടിയേരി പഞ്ചായത്ത് നഗരസഭയിൽ ലയിപ്പിച്ചതോടെ ഇടത് മുന്നണി മാത്രമാണ് ഭരണത്തിൽ തുടർന്നുവന്നത്. പ്രതിപക്ഷ നിരയിൽ മുസ് ലിം ലീഗ്, കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുമുണ്ട്.
കോടിയേരി ലയിപ്പിച്ചതോടെ നഗരസഭയിൽ 52 വാർഡുകളായി. ഇത്തവണ ഒരു വാർഡ് കൂടി പുതുതായി വന്നതോടെ വാർഡുകളുടെ എണ്ണം 53 ആയി. കേരളത്തിലെ ഏറ്റവും കൂടുതൽ വാർഡുള്ള നഗരസഭയാണ്. ഭരണത്തിൽ ഇടത് ആധിപത്യം തുടരുമെന്നാണ് നിലവിലെ സ്ഥിതി. നഗരസഭയിൽ ഇത്തവണ ജനവിധി തേടുന്നത് 174 സ്ഥാനാർഥികളാണ്.
എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ സ്ഥാനാർഥികൾക്ക് പുറമെ വിമതന്മാരും മത്സരരംഗത്തുണ്ട്. നിലവിൽ 52 ൽ 37 വാർഡുകൾ നിലവിൽ ഇടത് മുന്നണിയുടേതാണ്-(സി.പി.എം -33, സി.പി.ഐ -3, ഐ.എൻ.എൻ -1). ബി.ജെ.പിക്ക് എട്ടും യു.ഡി.എഫിൽ മുസ് ലിം ലീഗിന് നാലും കോൺഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എം-46, സി.പി.ഐ-അഞ്ച്, എൻ.സി.പി-ഒന്ന്, ഐ.എൻ.എൽ- ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. യു.ഡി.എഫ് 53ൽ 17 വാർഡുകൾ ലീഗിനും ബാക്കി കോൺഗ്രസിനുമാണ്. ബി.ജെ.പി 51 വാർഡുകളിൽ രംഗത്തുണ്ട്. വെൽഫെയർ പാർട്ടി നാല് വാർഡുകളിലും എസ്.ഡി.പി.ഐ എട്ട് വാർഡുകളിലും മത്സരത്തിനുണ്ട്. സി.പി.എമ്മിനും ബി.ജെ.പിക്കും ഭീഷണിയായി അഞ്ച് വാർഡുകളിൽ വിമത സ്ഥാനാർഥികളും രംഗത്തുണ്ട്.


