വയോജനങ്ങൾക്ക് വിനോദവുമായി ലിറ്റിൽ തിയറ്റർ
text_fieldsകതിരൂർ പഞ്ചായത്ത് വയോജനങ്ങൾക്കായി നിർമിച്ച
കുണ്ടുചിറ പകൽ വീട്ടിലെ ലിറ്റിൽ തീയറ്റർ
തലശ്ശേരി: വയോജനങ്ങൾക്ക് പകൽ വിശ്രമ കേന്ദ്രത്തിലിരുന്ന് ഇനി സിനിമയും കാണാം. കതിരൂർ ഗ്രാമപഞ്ചായത്തിൽ വയോമിത്രം ലിറ്റിൽ തിയറ്ററാണ് വയോജനങ്ങൾക്കായി തുറന്നു നൽകിയത്. കതിരൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തി നടപ്പിലാക്കിയ പദ്ധതികളിലൊന്നാണ് ലിറ്റിൽ തിയറ്റർ. കുണ്ടുചിറയിൽ പ്രവർത്തിക്കുന്ന പകൽ വിശ്രമ കേന്ദ്രം പകൽവീട്ടിലാണ് ഇത്തരമൊരു സംവിധാനമൊരുക്കിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രത്യേകമായി മുകൾനിലയിലാണ് തിയറ്റർ ക്രമീകരിച്ചിട്ടുള്ളത്. അവിടെ 75 ഇഞ്ച് നീളമുള്ള ഇന്ററാക്റ്റീവ് ബോർഡും പ്രത്യേക ശബ്ദ സംവിധാനവുമൊരുക്കി. ഇരിക്കാനാവശ്യമായ കുഷ്യൻ സീറ്റുകൾ ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഒരേസമയം 30 പേർക്ക് തിയേറ്ററിലിരുന്ന് സിനിമ കാണാം.
2.36 ലക്ഷം രൂപ ചെലവിട്ടാണ് തിയറ്റർ സജ്ജമാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു വയോജന വിശ്രമ കേന്ദ്രമായ പുല്ല്യോട് പകൽവീട്ടിൽ അൽപം കൂടി വലുപ്പത്തിൽ ആധുനിക രീതിയിലുള്ള തീയറ്റർ ഒരുക്കുന്നതിനായി ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പുല്ല്യോട് പകൽവീട്ടിൽ ഒന്നാം നിലയിൽ പ്രത്യേകമായി തിയറ്റർ നിർമിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ പറഞ്ഞു.
ലിറ്റിൽ തിയറ്റർ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൂരാറത്ത് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ടി.കെ. ഷാജി സ്വാഗതം പറഞ്ഞു.