പൊളിച്ചിട്ടും തീരാതെ കടലിൽ കുടുങ്ങിയ മാലി കപ്പൽ
text_fieldsധർമടം കടലിൽ കുടുങ്ങിയ മാലി പൊളിക്കപ്പൽ
തലശ്ശേരി: ധർമടം കടലിൽ മൺതിട്ടയിൽ കുടുങ്ങിയ മാലി പൊളിക്കപ്പൽ ആറ് വർഷമായിട്ടും പൂർണമായും പൊളിച്ചു മാറ്റാനായില്ല. സാങ്കേതിക വിദഗ്ധരും ഖലാസികളും കിണഞ്ഞു ശ്രമിച്ചിട്ടും കപ്പൽ അസ്ഥിപഞ്ജരമായി കടലിൽ തന്നെ നിലകൊളളുകയാണ്. തൂത്തുക്കുടിക്കാരൻ സംരംഭകൻ മാലിദ്വീപിൽ നിന്നും ഏറ്റെടുത്ത് പൊളിക്കാനായി ടഗ്ഗിൽ കോർത്ത് വടംകെട്ടി കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടയിൽ പുറംകടലിൽ വടംപൊട്ടി നിയന്ത്രണം വിട്ടാണ് കപ്പൽ ധർമടം വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് എത്തിയത്.
2019 ആഗസ്റ്റ് എട്ടിന് രാവിലെയായിരുന്നു സംഭവം. അന്ന് മുതൽ കപ്പൽ കണ്ണൂർ അഴീക്കലിലെ സിൽക്ക് യാർഡിലെത്തിക്കാൻ പഠിച്ച പണി മുഴുവൻ പയറ്റിയിട്ടും സാധ്യമായില്ല. കരയിലും കടലിലും ഉണ്ടാവുന്ന ഏത് പ്രതിസന്ധികളിലും നാടിന്റെ തുണക്ക് എത്തുന്ന ഖലാസി കൂട്ടായ്മയും കപ്പൽ നീക്കുന്നതിൽ പരാജയപ്പെട്ട് പിൻവാങ്ങി. ഖലാസികൾക്ക് പിറകെ ബലൂൺ സാങ്കേതിക വിദ്യയുമായി ചെന്നൈയിൽ നിന്നും വിദഗ്ദരെത്തി. അവർക്കും കപ്പലിനെ മൺതിട്ടയിൽ നിന്നും ഉയർത്താനായില്ല. ഏറെ എൻജിൻ ശക്തിയുള്ള ബോട്ടുകൾ എത്തിച്ച് കെട്ടിവലിച്ചു മാറ്റാനായിരുന്നു അടുത്ത ശ്രമം. ഇതിനായി മൂന്ന് ബോട്ടുകൾ ചെന്നൈയിൽ നിന്ന് എത്തിച്ചു.
മൂന്നും കൂട്ടിക്കെട്ടി നടത്തിയ അതിസാഹസ യജ്ഞത്തിനിടയിൽ ഒരു ബോട്ടിന് തീപിടിച്ചുവെന്നല്ലാതെ കപ്പൽ നിന്നിടത്ത് നിന്നും ഇളക്കാനായില്ല. ഇതോടെ പൂണ്ട സ്ഥലത്ത് വെച്ചു തന്നെ തുണ്ടംതുണ്ടമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വർഷമായി തട്ടിയും മുട്ടിയും മുറിച്ചു മാറ്റിയും കപ്പലിന്റെ മുകൾ നിലകൾ മുക്കാൽ ഭാഗവും അടർത്തി. പൊളിച്ചിട്ട ഭാഗങ്ങൾ ക്രെയിനും വീഞ്ചും ഉപയോഗിച്ച് കടലിൽ നിന്നും കരയിലേക്ക് വലിച്ചു മാറ്റി. പ്രവൃത്തി തുടരുന്നതിനിടയിൽ മഴക്കാലമെത്തിയതോടെ പൊളിക്കൽ മുടങ്ങി.