ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 വർഷം തടവ്
text_fieldsപി.കെ. ഷിജു
തലശ്ശേരി: ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും. ആലക്കോട് ഫർലോങ്കര പെണ്ണാ ഹൗസിൽ പി.കെ. ഷിജുവിനെയാണ് (51) തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം വീതം അധിക തടവ് അനുഭവിക്കണം.
2021 ജനുവരി എട്ടിന് രാത്രി പത്തോടെയാണ് കേസിനാധാരമായ സംഭവം. ആനക്കുഴി വെള്ളാട് ആലിച്ചേരി ഹൗസിൽ കുഞ്ഞമ്പുവിന്റെ മകൾ എ.കെ. നിഷയാണ് (39) ആക്രമണത്തിനിരയായത്. രണ്ടു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന നിഷ കൂടെ താമസിക്കാൻ വരാത്തതിലുള്ള വിരോധം കാരണമാണ് പ്രതി ആക്രമണം നടത്തിയത്. ആനക്കുഴിയിലെ മാതാപിതാക്കളുടെ വീട്ടിൽ കുട്ടികളോടൊപ്പം താമസിക്കുകയായിരുന്ന നിഷയെ അവിടെയെത്തിയാണ് ഷിജു കത്തികൊണ്ട് കുത്തിപരിക്കേൽപിച്ചത്.നിഷക്ക് ഗുരുതര പരിക്കേറ്റ സാഹചര്യത്തിൽ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.


