ചവറ്റുവീപ്പകളിലും കണ്ണ് വേണം
text_fieldsതലശ്ശേരി എം.ജി റോഡ് നടപ്പാതയിലെ ചവറ്റു വീപ്പ തള്ളിയിട്ട് മാലിന്യം ഭക്ഷിക്കുന്ന നായ്
തലശ്ശേരി: നഗരത്തിലെ തെരുവോരങ്ങളിൽ സ്ഥാപിച്ച ചവറ്റു വീപ്പകൾ നായ്ക്കൾക്ക് സുഭിക്ഷമാകുന്നു. നഗര സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി നഗരസഭയാണ് പ്രധാന കവലകളിൽ വീപ്പകൾ സ്ഥാപിച്ചത്. ചിലയിടത്ത് നടപ്പാതകളിൽവെച്ച പ്ലാസ്റ്റിക് വീപ്പകൾ ഉറപ്പിച്ചുനിർത്താത്തതിനാൽ തെരുവുനായ്ക്കൾ തള്ളിയിട്ട് മലിന വസ്തുക്കൾ വാരിവലിച്ചിടുകയാണ്. രാവിലെ നഗരസഭ കണ്ടിൻജന്‍റ് ജീവനക്കാർ മാലിന്യം നീക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾ വീപ്പകൾ തള്ളിയിടുന്നത് പതിവാകുകയാണ്.
എം.ജി റോഡിൽ ബി.ഇ.എം.പി സ്കൂളിന് മുന്നിൽ സ്ഥാപിച്ച ചവറ്റു വീപ്പ തള്ളിയിട്ടും നായ്ക്കൾ മാലിന്യം വാരിവലിച്ചിടുന്നത് പതിവുകഴ്ചയാണ്. വീപ്പകൾ സ്ഥാപിച്ചതിനാൽ മാലിന്യം ജനം റോഡരികിൽ വലിച്ചെറിയുന്നതിൽനിന്ന് കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഇത് നല്ല കാര്യമാണെങ്കിലും വീപ്പകൾ നായ്ക്കൾ തള്ളിയിടാതെ സുരക്ഷിതമായിവെക്കുന്ന കാര്യത്തിൽ അധികൃതർ ശ്രദ്ധപുലർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


