ഇന്ധനം ലഭിക്കുന്നില്ല; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ
text_fieldsതലശ്ശേരി: ഇന്ധന ദുരുപയോഗം തടയാൻ എന്ന പേരിൽ കേന്ദ്രസർക്കാർ ജൂൺ 11 ന് ഇറക്കിയ ഉത്തരവ് മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ്. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലോ അംഗീകൃത കണ്ടയ്നറുകളിലോ മാത്രമെ ഇന്ധനം നൽകാവൂ എന്നും 200 ലിറ്ററിൽ കൂടുതൽ ഇന്ധനം ഒരാൾക്ക് ഒരു ദിവസം നൽകരുത് എന്നുമാണ് കേന്ദ്രസർക്കാർ പമ്പുകൾക്ക് നൽകിയ ഉത്തരവ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളങ്ങൾ പമ്പുകളിൽ പോയി നേരിട്ട് ഇന്ധനം നിറക്കാൻ പറ്റാത്ത സാഹചര്യത്തിൽ കന്നാസുകളിൽ ഇന്ധനം വാങ്ങിയാണ് വള്ളങ്ങളിൽ നിറക്കുന്നത്.
ജൂൺ, ജൂലൈ മാസങ്ങളിൽ ട്രോളിങ് നിരോധന സമയത്താണ് പരമ്പരാഗത വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് വരുമാനം ലഭിക്കുന്നത്. എന്നാൽ, ഇന്ധനം ലഭിക്കാത്തതിനാൽ പണിക്ക് പോകാൻ പറ്റാതെ ദുരിതത്തിലാണ് തൊഴിലാളികൾ. കേന്ദ്ര സർക്കാർ നിർദേശിച്ച പെസോ അംഗീകാരമുള്ള ടാങ്കറുകൾ കേരളത്തിൽ ലഭ്യമല്ല. എന്നിട്ടും ഈ ഉത്തരവ് കർശനമായി നടപ്പാക്കാൻ പമ്പുകളോട് നിർദേശിച്ചിരിക്കുന്നത് കേന്ദ്ര സർക്കാർ തുടരുന്ന മത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭാഗമാണ്. അടിയന്തരമായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. പ്രഭാകരൻ, ജില്ല പ്രസിഡന്റ് അനസ് ചാലിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാർ ഓഫിസുകൾക്ക് മുന്നിൽ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.


