Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightപൊന്ന്യത്തങ്കം:...

പൊന്ന്യത്തങ്കം: കളരിയാവേശത്തിന് കാഴ്ചക്കാരനായി മുഖ്യമന്ത്രിയും

text_fields
bookmark_border
പൊന്ന്യത്തങ്കം: കളരിയാവേശത്തിന് കാഴ്ചക്കാരനായി മുഖ്യമന്ത്രിയും
cancel

തലശ്ശേരി: ഉറുമിയും വാളും പരിചയും വായുവിൽ തീർത്ത വേഗതയും തീപ്പന്തപ്പയറ്റിന്റെ രൗദ്രതയും പൊന്ന്യത്തങ്കത്തട്ടിൽ ആവേശം വിതറി. എല്ലാം കണ്ണിമ ചിമ്മാതെ കണ്ട് ആവേശം പകർന്ന് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.

പൊന്ന്യത്തങ്കത്തിന്റെ നാലാം ദിവസമാണ് ഏഴരക്കണ്ടത്തിലെ കാഴ്ചക്കാരെ ആവേശത്തിമിർപ്പിലാഴ്ത്തി മുഖ്യമന്ത്രി എത്തിയത്. വാൾപ്പയറ്റും ചെറുകോൽപ്പയറ്റും പന്തപ്പയറ്റും ദ്വന്ദ്വയുദ്ധവും കണ്ട് അരമണിക്കൂറിലേറെ സമയം കളരി ആസ്വദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

നാലാം ദിവസത്തിലെ സാംസ്‍കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, പൊന്ന്യത്തങ്കം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതായി പറഞ്ഞു. ഓരോ വർഷം കഴിയുന്തോറും ആളുകൾ കൂടിവരുകയാണ്. നല്ലരീതിയിൽ ഇത് മെച്ചപ്പെടുമെന്നാണ് ഇതിന്റെ ആരംഭകാലത്ത് തന്നെ കരുതിയത്. വരുന്ന വർഷങ്ങളിലും ഇത് കൂടുതൽ മെച്ചപ്പെട്ടു വരട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. തലശ്ശേരി എൻജിനീയറിങ് കോളജും കേരള പ്രഫഷനൽ നെറ്റ്‌വർക്കും സംയുക്തമായി രൂപകൽപന ചെയ്ത പൊന്ന്യത്തങ്കത്തിന്റെ മാതൃകയിലുള്ള ഗെയിംസിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തുടർന്ന് അങ്കത്തട്ടിൽ പൊന്ന്യം കതിരൂർ ഗുരുക്കൾ സ്മാരക കളരി, കൊയിലാണ്ടി അൽ മുബാറക് കളരി, ദുബൈ കളരി ക്ലബ് എന്നിവ അവതരിപ്പിച്ച കളരി അഭ്യാസ പ്രകടനവും കൈകൊട്ടിക്കളിയും നാടോടി നൃത്തവും അരങ്ങേറി. ഇതര സംസ്‌ഥാന ആയോധന കലാരൂപമായ ''താംഗ് അഹം യനബ'', സച്ചിൻ വാരിയരുടെയും ലിബിൻ സ്‌കറിയയുടെയും ലൈവ് ഷോ എന്നിവയും അരങ്ങേറി.

കേരള ഫോക് ലോർ അക്കാദമി മുൻ വൈസ് ചെയർമാൻ കെ.വി. കുഞ്ഞിരാമൻ, കതിരൂർ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സുജയ, കാട്യത്ത് പ്രകാശൻ, റബ്കോ ചെയർമാൻ കാരായി രാജൻ, സംഘാടകസമിതി ജനറൽ കൺവീനർ എൻ.പി. വിനോദ് കുമാർ, സി.എൻ. ചന്ദ്രൻ, സി.കെ. രമേശൻ, എം.സി. പവിത്രൻ, എ.കെ. ഷിജു, കെ. സുഗീഷ്, തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
TAGS:Ponnyathankam Pinarayi Vijayan Kalaripayat 
News Summary - Ponnyathangam: CM Watches Kalaripayattu Performance
Next Story