ഷുഹൈബ് കൊലക്കേസ്; എട്ട് സാക്ഷികൾ വിചാരണക്ക് ഹാജരായില്ല
text_fieldsഷുഹൈബ്
തലശ്ശേരി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബ് കൊലക്കേസിൽ എട്ട് സാക്ഷികൾ വിചാരണക്ക് ഹാജരായില്ല. ഇൻക്വസ്റ്റ് വീഡിയോ ചിത്രീകരിച്ച വീഡിയോ ഗ്രാഫർ ബെന്നി എം. ജോസഫ് മാത്രമാണ് വിചാരണക്കെത്തിയത്. വീഡിയോഗ്രാഫറെ വിസ്തരിച്ചു. ഒ.കെ. പ്രസാദ്, അസറുദ്ദീൻ, ഷിജു, റമീസ് എന്നിവരാണ് ചൊവ്വാഴ്ച വിചാരണക്കെത്താതിരുന്നത്. വിചാരണക്ക് ഹാജരാകാത്തവർക്ക് മേയ് 14 ന് കോടതിയിൽ ഹാജരാകാൻ ജഡ്ജി നിർദേശം നൽകി.
മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി റൂബി കെ. ജോസ് മുമ്പാകെ കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. വിചാരണ ബുധനാഴ്ചയും തുടരും. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ച് കിട്ടുന്നത് വരെ വിചാരണ മാറ്റി വെക്കണമെന്ന ഷുഹൈബിന്റെ പിതാവ് നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. വിചാരണ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട്
വിചാരണകോടതിയിൽ നൽകിയ ഹരജി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി റൂബി കെ. നേരത്തേ നിരസിച്ചിരുന്നു. എടയന്നൂരിലെ സ്കൂൾ പറമ്പത്ത് വീട്ടിൽ മുഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് (29). 2018 ഫെബ്രുവരി 12 ന് രാത്രി പത്തരക്ക് ശേഷം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
തില്ലങ്കേരിയിലെ ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ് (34), പഴയപുരയിൽ രജിൻ രാജ് (32), കൃഷ്ണ നിവാസിൽ ദീപക് ചന്ദ് (33), തയ്യുള്ളതിൽ ടി.കെ. അസ്കർ (34), മുട്ടിൽ വീട്ടിൽ കെ. അഖിൽ (30), പുതിയ പുരയിൽ പി.പി. അൻവർ സാദത്ത് (30), നിലാവിൽ സി. നിജിൽ (30), പി.കെ. അഭിനാഷ് (32), കരുവോട്ട് എ. ജിതിൻ (30) സാജ് നിവാസിൽ കെ. സജ്ജയ് (31), രജത് നിവാസിൽ കെ. രജത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ. പ്രശാന്ത് തുടങ്ങിയവരാണ് കേസിലെ പ്രതികൾ.