വയനാട്ടിലേക്ക് ആകാശപ്പാത; ആവശ്യം ശക്തമാവുന്നു
text_fieldsപഴശ്ശിരാജ ചുരമില്ലാ പാത ആൻഡ് റൂറൽ ഡെവലപ്മെൻറ് സൊസൈറ്റി ഭാരവാഹികൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിവേദനം നൽകുന്നു
തലശ്ശേരി: നിർദിഷ്ട തലശ്ശേരി - വടകര - വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി - ബംഗളൂരു ചുരമില്ലാ ആകാശപ്പാത പദ്ധതിക്കായുള്ള ആവശ്യം ശക്തമായി. ഇതു സംബന്ധിച്ച്
പഴശ്ശിരാജ ചുരമില്ലാപാത ആൻഡ് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി ചെയർമാൻ ഷൗക്കത്ത് അലി എരോത്ത്, തലശ്ശേരി സോൺ കൺവീനർ ബുഹാരി ബിൻ അബ്ദുൽ ഖാദിർ എന്നിവർ നോർത്ത് മേഖല വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കോൺസർവേറ്റർ ബി.എൻ. അഞ്ജൻ കുമാറിന് പദ്ധതി സമർപ്പിച്ചു.
കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയായ കോഴിക്കോട് വിലങ്ങാട് മുതൽ തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം ഗ്രാമത്തിലെ കുങ്കിച്ചിറയിൽ അവസാനിക്കുന്ന തരത്തിലുള്ളതാണ് ഈ ബദൽപാത.
ബന്ധിപ്പൂർ വനപാതയിൽ രാത്രികാല യാത്ര നിരോധനത്താൽ പകൽ സമയം കാട്ടിലൂടെ കൂടുതൽ വാഹനം പോകുന്നത് തടയാനും താമരശ്ശേരി ചുരത്തിൽ നിരന്തരം ട്രാഫിക് ബ്ലോക്ക് മൂലം ചുരം റോഡിന്റെ ദൗർബല്യം ആകെ വർധിപ്പിക്കുന്നതിനാലും ചുരമില്ലാ ബദൽ റോഡുകൾ അനിവാര്യമാണെന്നും സൊസൈറ്റി ഭാരവാഹികൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. വീതി കൂട്ടുന്ന കുറ്റ്യാടി ചുരത്തിലും ഭാവിയിൽ വലിയ ട്രക്കുകൾ മൂലം ഗതാഗതതടസ്സവും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുമുണ്ട്.
പരിസ്ഥിതിയെ ചേർത്ത് പിടിക്കുന്ന ബദൽ ചുരമില്ലാ-ആകാശപ്പാത എന്ന ആശയം കൂടുതൽ സാധ്യത വർധിപ്പിക്കുമോ എന്നതടക്കം പഠിച്ച് നിയമപരമായ സാധ്യമായ നടപടി ഉണ്ടാകുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉറപ്പുനൽകി.


