ജില്ല അത്‌ലറ്റിക്സ് മീറ്റ്: തലശ്ശേരി അത്‌ലറ്റിക്സ് ക്ലബ് ചാമ്പ്യൻമാർ
text_fieldsതലശ്ശേരി: നഗരസഭ സ്റ്റേഡിയത്തിൽ മൂന്ന് ദിവസമായി നടന്ന ജില്ല അത്‌ലറ്റിക്സ് മീറ്റിൽ 190 ഇനങ്ങളിൽ മത്സരം പൂർത്തിയായപ്പോൾ 273 പോയന്റുമായി തലശ്ശേരി അത്‌ലറ്റിക്സ് ക്ലബ് ചാമ്പ്യൻമാരായി. വാശിയേറിയ ട്രാക്ക്-ഫീൽഡ് മത്സരങ്ങൾക്കൊടുവിൽ 27 സ്വർണവും 34 വെള്ളിയും 20 വെങ്കലവും നേടിയാണ് തലശ്ശേരി അത്‌ലറ്റിക്സ് ക്ലബ് വിജയകിരീടമണിഞ്ഞത്. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ അത് ലറ്റിക് അക്കാദമിയാണ്238 പോയന്റുമായി രണ്ടാം സ്ഥാനം നേടിയത്. 26 സ്വർണം, 22 വെള്ളി,15 വെങ്കലം എന്നിവ നേടി. കണ്ണൂർ ജി.വി.എച്ച്.എസ്.എസ് സ്പോർട്സ് 144 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തി. 17 സ്വർണം, 11 വെള്ളി, ആറ് വെങ്കലം എന്നിവ കരസ്ഥമാക്കി.
ക്ലാസിക് അത്‌ലറ്റിക്സ് ക്ലബ് തലശ്ശേരി (100), ചെറുപുഴ മീന്തുള്ളി ക്യാപ്റ്റൻ അക്കാദമി (93), തലശ്ശേരി സായ് (85) എന്നിങ്ങനെയാണ് പോയന്റുനേടിയ മറ്റ് ടീമുകൾ. അവസാന ദിനം 10 മീറ്റ് റെക്കോഡാണ് പിറന്നത്. മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ 36 മീറ്റ് റെക്കോഡുകൾ പിറന്നു. സമാപന സമ്മേളനവും സമ്മാനദാനവും സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു. ജില്ല അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ ഒബ്സെർവർ പി. നാരായണൻ കുട്ടി സംസാരിച്ചു. സെക്രട്ടറി യു. ഷാജി സ്വാഗതവും ട്രഷറർ കെ.കെ. ഷമിൻ നന്ദിയും പറഞ്ഞു.


