ആവേശമായി തലശ്ശേരി ഹെറിറ്റേജ് റൺ
text_fieldsതലശ്ശേരി ഹെറിറ്റേജ് റൺ മന്ത്രി എം.ബി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
തലശ്ശേരി: ആവേശഭരിതമായി തലശ്ശേരിയിലെ പൈതൃക സ്മാരകങ്ങളെ പൈതൃക ഭൂപടത്തിൽ അടയാളപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച ഹെറിറ്റേജ് റൺ സീസൺ -5. തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ 6.45 നാണ് ഓട്ടം ആരംഭിച്ചത്. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. 1800 പേരാണ് ഹെറിറ്റേജ് റണ്ണിൽ പങ്കെടുത്തത്. തലശ്ശേരിയിലെ 42 പൈതൃക സ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് 21 കിലോമീറ്റർ ഹെറിറ്റേജ് റൺ ആവിഷ്കരിച്ചത്. 890 പേർ 21 കിലോമീറ്റർ പൂർത്തിയാക്കി. പുരുഷ വിഭാഗത്തിൽ കെനിയക്കാരനായ മെഷാക് മുബുഗ്വയും വനിത വിഭാഗത്തിൽ കോതമംഗലത്തുകാരി ആശ പത്രോസും ഒന്നാം സ്ഥാനക്കാരായി. ഒരു ലക്ഷം രൂപ വീതമാണ് സമ്മാനമായി നൽകിയത്.
രണ്ടാം സമ്മാനമായ 50,000 രൂപ വീതമുള്ള കാഷ് പ്രൈസിന് രൂപ ആർ.എസ്. മനോജ്, ഫാത്തിമ നെസ്‌ല എന്നിവരും മൂന്നാം സമ്മാനമായ 25,000 രൂപ വീതമുള്ള സമ്മാനത്തിന് മനീഷ്, തലശ്ശേരിക്കാരിയായ അമയ സുനിൽ എന്നിവരും അർഹരായി. 21 കിലോമീറ്റർ പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വിഭാഗത്തിൽ റയാൻ ശ്രീജിത്തും മുതിർന്നവരുടെ വിഭാഗത്തിൽ വി. വാസുവും പ്രത്യേക പരിഗണന വിഭാഗത്തിൽ ടി.കെ. ഹജാസും 10,000 രൂപ വീതം സമ്മാനത്തിന് അർഹരായി. മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ വിജയൻ മാസ്റ്റർക്ക് പ്രത്യേക സമ്മാനം നൽകി. ആവേശകരമായ പോരാട്ടമായിരുന്നു പുരുഷ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് നടന്നത്.
കേവലം മൂന്ന് സെക്കൻഡ് വ്യത്യാസത്തിനാണ് കെനിയക്കാരൻ ഒന്നാം സ്ഥാനത്തിന് അർഹനായത്. സമാപന സമ്മേളനം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, കിയാൽ ഡയറക്ടർ ഡോ. ഹസ്സൻകുഞ്ഞി എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി, ഫാദിൽ ഗ്രൂപ് ചെയർമാൻ അബ്ദുൽ ലത്തീഫ് കെ.എസ്.എ, ചാമേരി പ്രകാശ്, പെപ്പർ പാലസ് നൗഷാദ്, കെ.സി. മുസ്തഫ, പോപ്പിഡെന്‍റ് എം.ഡി ഡോ. ശ്രീനാഥ്, എസ്.ബി.ഐ എ.ജി.എം വെങ്കിടേഷ്, പള്ളൂർ സ്റ്റാർ ജ്വല്ലറി ഉടമ പ്രദീപൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജിഷ്ണു സ്വാഗതവും അർജുൻ എസ്.കെ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.


