Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightതലശ്ശേരി അന്താരാഷ്ട്ര...

തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും

text_fields
bookmark_border
തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയും
cancel

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അക്കാദമി നാലുദിവസങ്ങളിലായി ലിബര്‍ട്ടി തിയറ്റര്‍ സമുച്ചയത്തില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളക്ക് വ്യാഴാഴ്ച തിരിതെളിയും. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം കാന്‍ മേളയില്‍ ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' പ്രദര്‍ശിപ്പിക്കും.

ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സൻ കെ.എം. ജമുനാറാണി, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സൻ പ്രേംകുമാര്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനും സംവിധായകനുമായ കെ. മധു, നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ ഡബിങ് ആര്‍ട്ടിസ്റ്റ് എം. സ്‌നേഹ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മേളയുടെ എല്ലാ ഒരുക്കവും പൂർത്തിയായതായി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടന ചിത്രം

ഉദ്ഘാടന ചിത്രമായ 'ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്' (പ്രഭയായ് നിനച്ചെതല്ലാം) പ്രധാനമായും മലയാളത്തിലാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയില്‍ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നീ മലയാളി താരങ്ങള്‍ വേഷമിടുന്നു.

മുഖ്യ ആകര്‍ഷണങ്ങള്‍

കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന 29ാം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിച്ച 177 സിനിമകളില്‍നിന്ന് തെരഞ്ഞെടുത്ത 55 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍നിന്നുള്ള 14 ചിത്രങ്ങള്‍, ലോകസിനിമ വിഭാഗത്തില്‍ നിന്നുള്ള 12 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗത്തില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍, 12 മലയാള ചിത്രങ്ങള്‍, ഏഴ് ഇന്ത്യന്‍ സിനിമകള്‍, കലൈഡോസ്‌കോപ്പ്, ഫിമേയ്ല്‍ ഗേസ്, ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, അര്‍മിനിയന്‍ ഫോക്കസ് എന്നീ വിഭാഗങ്ങളില്‍നിന്നുള്ള ഓരോ ചിത്രങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം ലഭിച്ച ബ്രസീലിയന്‍ ചിത്രമായ 'മാലു', രജതചകോരം ലഭിച്ച 'മി മറിയം ദ ചില്‍ഡ്രന്‍ ആൻഡ് 26 അദേഴ്‌സ്', നവാഗത സംവിധായകനുള്ള രജതചകോരം ലഭിച്ച 'ഹൈപ്പര്‍ബോറിയന്‍സ്', പ്രേക്ഷക പുരസ്‌കാരം, നെറ്റ്പാക് പുരസ്‌കാരം, ജൂറി പ്രൈസ് എന്നിവ നേടിയ 'ഫെമിനിച്ചി ഫാത്തിമ', മികച്ച നവാഗത സംവിധായക പ്രതിഭക്കുള്ള എഫ്.എഫ്.എസ്.ഐ അവാര്‍ഡ് ഇന്ദുലക്ഷ്മിക്ക് നേടിക്കൊടുത്ത 'അപ്പുറം' തുടങ്ങിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു.

മൂന്ന് തിയറ്ററുകളിലും ദിവസം അഞ്ച് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. 1500ഓളം ഡെലിഗേറ്റുകളാണ് മേളയില്‍ പങ്കെടുക്കുന്നത്.

എം.ടി എക്‌സിബിഷന്‍

മേളയുടെ ഭാഗമായി എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള 'കാലം': മായാചിത്രങ്ങള്‍' എന്ന ഫോട്ടോ എക്‌സിബിഷന്‍ ലിബര്‍ട്ടി തിയറ്റര്‍ പരിസരത്ത് ഒരുക്കിയ പവിലിയനില്‍ സംഘടിപ്പിക്കും. എക്‌സിബിഷനില്‍ എം.ടിയുടെ ചലച്ചിത്ര ജീവിതവുമായി ബന്ധപ്പെട്ട 100ഓളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓപണ്‍ഫോറം, കലാപരിപാടികള്‍

ലിബര്‍ട്ടി തിയേറ്റര്‍ പരിസരത്ത് ഒരുക്കിയ പവലിയനില്‍ ഒക്ടോബര്‍ 17, 18 തീയതികളില്‍ ഓപണ്‍ ഫോറം ഉണ്ടായിരിക്കും. ചലച്ചിത്ര പ്രവര്‍ത്തകരും ഡെലിഗേറ്റുകളും സിനിമയിലെ സമകാലിക പ്രവണതകളെക്കുറിച്ചുള്ള ആശയ സംവാദങ്ങളില്‍ പങ്കെടുക്കും.

ഒക്ടോബര്‍ 17,18 തീയതികളില്‍ തലശ്ശേരി ജവഹര്‍ഘട്ടില്‍ കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. 17 ന് വൈകിട്ട് 6.30ന് രാഗവല്ലി ബാന്‍ഡും 18ന് വൈകിട്ട് മദ്രാസ് മെയില്‍ ബാന്‍ഡും സംഗീതപരിപാടികള്‍ അവതരിപ്പിക്കും.

വാർത്തസമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സൻ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, പ്രോഗ്രാം മാനേജർ എച്ച്. ഷാജി, പ്രദീപ് ചൊക്ലി, എസ്.കെ. അർജുൻ, സുരാജ് ചിറക്കര എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:film festival Thalassery iffk thalassery Kerala State Chalachitra Academy 
News Summary - Thalassery International Film Festival to kick off today
Next Story