സ്മാർട്ട്@തിരുവങ്ങാട് വില്ലേജ് ഓഫിസ്
text_fieldsപുതുക്കിപ്പണിത തിരുവങ്ങാട് വില്ലേജ് ഓഫിസ്
തലശ്ശേരി: തിരുവങ്ങാട് വില്ലേജ് ഓഫിസിന് ഇനി പുതിയ മുഖം. 42 ലക്ഷം രൂപ ചെലവിൽ പുതുക്കിപ്പണിത പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വില്ലേജ് ഓഫിസ് ഉദ്ഘാടനസജ്ജമായി. ഓഫിസ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാൻ മന്ത്രിയുടെ തീയതി കാത്തിരിക്കുകയാണ് റവന്യൂവിഭാഗം ഉദ്യോഗസ്ഥർ. തലശ്ശേരി താലൂക്ക് പരിധിയിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് റവന്യൂ വകുപ്പിന്റെ സ്വന്തം ഭൂമിയിലാണ് തിരുവങ്ങാട് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് പൊളിച്ചുമാറ്റി അതേസ്ഥലത്ത് പുതിയ കെട്ടിടം പണിതത്.
ആധുനിക സംവിധാനത്തിലാണ് ഓഫിസ് സജ്ജമാക്കിയിട്ടുള്ളത്. പഴയ കെട്ടിടം പൊളിച്ചപ്പോൾ കീഴന്തിമുക്കിലെ അന്തരിച്ച ഡോ.എൻ. രാമറാവുവും കുടുംബവും താമസിച്ച വീട്ടിലേക്കാണ് ഓഫിസ് മാറ്റിയത്. കഴിഞ്ഞ ഒരു വർഷമായി തിരുവങ്ങാട് വില്ലേജ് ഓഫിസ് പ്രവർത്തനം ഒരു മുടക്കവുമില്ലാതെ ഇവിടെ നടന്നുവരുകയാണ്. പുതുക്കിപ്പണിത ഓഫിസിൽ ഓഫിസർക്കായി പ്രത്യേക മുറിയും സ്റ്റാഫ് മുറിയും പൊതുജനങ്ങൾക്കുള്ള ഇരിപ്പിടവും സജ്ജീകരിച്ചിട്ടുണ്ട്. റെക്കോഡുകൾ സൂക്ഷിക്കാനുള്ള മുറി, ഡൈനിങ് ഹാൾ, ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി മൂന്ന് ശൗചാലയങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പെയിന്റിങ്, വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള ജോലികളെല്ലാം പൂർത്തിയായി. മുറ്റത്ത് ഇൻറർലോക്ക് വിരിച്ചു. പൂന്തോട്ടവും ഒരുക്കി. നാലര സെന്റ് ഭൂമിയിലുള്ള ഓഫിസിന് കോമ്പൗണ്ട് വാളും ഗേറ്റും സ്ഥാപിച്ചു. വില്ലേജ് ഓഫിസർക്ക് പുറമെ ഒരു സ്പെഷൽ ഓഫിസർ, രണ്ട് വില്ലേജ് അസിസ്റ്റന്റുമാർ, രണ്ട് ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവരാണ് തിരുവങ്ങാട് വില്ലേജിൽ ജോലി ചെയ്യുന്നത്. ഒരു സ്വീപ്പറുമുണ്ട്.
നിലവിലെ ഓഫിസർ ആർ.കെ. രാജേഷിന് കടമ്പൂരിലേക്ക് സ്ഥലംമാറ്റമാണ്. കതിരൂർ വില്ലേജ് ഓഫിസറായിരുന്ന രഞ്ജിത്ത് ചെറുവാരിക്കാണ് തിരുവങ്ങാട് വില്ലേജ് ഓഫിസറായി നിയമനം നൽകിയിട്ടുളളത്.