പത്രിക പിൻവലിക്കാൻ ഭീഷണി; യു.ഡി.എഫ് വനിതാ സ്ഥാനാർഥി നിയമനടപടിക്ക്
text_fieldsറഫ്ഷാന വാർത്ത സമ്മേളനത്തിൽ
തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ചൊക്ലി പഞ്ചായത്തിലെ ഏഴാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങിയ യുവതിയെ സി.പി.എം നേതാക്കൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ചൊക്ലി കീഴ്മാടം റിസാസിൽ പി.ടി.കെ. റഫ്ഷാനയാണ് ഇതു സംബന്ധിച്ച് ചൊക്ലി ഇൻസ്പെക്ടർക്ക് പരാതി നൽകിയത്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് മേനപ്രം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉദയൻ മാസ്റ്ററും വി.കെ. രാഗേഷും പിതാവിന്റെ വീട്ടിലെത്തി തന്റെ സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് റഫ്ഷാനയുടെ പരാതി. 'ഇപ്പോൾ ഞങ്ങൾ വന്നു പറഞ്ഞു, പിന്നീട് സംഭവിക്കുന്നതിനെ തടുക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നാണ്' വീട്ടിലുള്ളവരോട് അവർ പറഞ്ഞത്.
രോഗിയായ പിതാവ് അടക്കം കുടുംബത്തിലുള്ളവർ ഇത് കേട്ട് മാനസിക സമ്മർദത്തിലാണ്. ബുധനാഴ്ച ഉച്ചക്കാണ് റഫ്ഷാന വരണാധികാരി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. തൊട്ടുപിന്നാലെയാണ് എൽ.ഡി.എഫിൽനിന്ന് ഭീഷണിയുണ്ടായത്. ഭീഷണി മുഴക്കിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കുടുംബത്തിന് സംരക്ഷണം നൽകണമെന്നും റഫ്ഷാന ആവശ്യപ്പെട്ടു. സി.പി.എം ഭീഷണി ഭയന്ന് സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറില്ലെന്നും അവർ വ്യക്തമാക്കി.
ഭീഷണി പരാജയ ഭീതിയിൽ
തലശ്ശേരി: പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ.എ. ലത്തീഫ്, അഡ്വ. വി.ജി. അരുൺ എന്നിവർ പറഞ്ഞു. സി.പി.എം പ്രവർത്തകരുടെ ഭീഷണി പരാജയ ഭീതിയിലാണ്.
മകളെ മത്സരരംഗത്തുനിന്ന് മാറ്റണമെന്ന് പറഞ്ഞ് ഹൃദ്രോഗിയായ പിതാവിനെയാണ് സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയത്. ഇക്കാര്യത്തിൽ പൊലീസും തെരഞ്ഞെടുപ്പ് കമീഷനും നടപടികൾ സ്വീകരിക്കണം. ചിട്ടയായ പ്രവർത്തനത്തിലൂടെ റഫ്ഷാന എൽ.ഡി.എഫിന്റെ കൈയിലുള്ള വാർഡ് പിടിച്ചെടുക്കുമെന്നും നേതാക്കൾ പറഞ്ഞു. പി.കെ. യൂസഫ്, പി.വി. മുഹമ്മദ്, പി.കെ. റഫീഖ്, വി.പി. ഉദയകുമാർ, പി.ടി.കെ. സിറാജ് എന്നിവരും പങ്കെടുത്തു.


