സ്ത്രീക്ക് നേരെ അക്രമം: പ്രതിക്ക് നല്ലനടപ്പ് ശിക്ഷ
text_fieldsതലശ്ശേരി: കണ്ണൂർ രാമത്തെരുവിലെ വയലിച്ചിരി വീട്ടിൽ കെ. അനിതയെ (55) സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കഴുത്തിന് കുത്തി പരിക്കേൽപിച്ച കേസിൽ പ്രതിയെ നല്ലനടപ്പിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. കണ്ണൂർ പള്ളിക്കുന്ന് രാമത്തെരുവിലെ ചിൽഗൻ ഹൗസിൽ സി. റിജേഷിനെ (35)യാണ് തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ്പ് തോമസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പ്രതിയുടെ പ്രായവും പശ്ചാത്തലവും പരിഗണിച്ച കോടതി ജില്ല പ്രൊബേഷനറി ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തെ നല്ലനടപ്പിനും 10,000 രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. 2022 മേയ് 20ന് നാലോടെ രാമത്തെരുവിലെ പുരുഷോത്തമന്റെ ഭാര്യ കെ. അനിതയെ വീട്ടിന് മുന്നിലുള്ള റോഡിൽകൂടി നടന്ന് പോകുമ്പോൾ അയൽവാസിയായ പ്രതി മുൻ വൈരാഗ്യംവെച്ച് സ്ക്രൂഡ്രൈവർകൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവെച്ച പ്രതിയെ രണ്ടാൾ ജാമ്യത്തിൽ ഒരു വർഷത്തേക്ക് നല്ലനടപ്പിന് വിട്ടു. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടറായിരുന്ന ശ്രീജിത്ത് കൊടേരി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.


