‘പരേതർ’ ഹിയറിങ്ങിന് ഹാജരായി; ജീവനുള്ള തെളിവുമായി
text_fieldsഅയിശു, കുഞ്ഞലു എന്നിവർ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസര്‍ മുമ്പാകെ യു.ഡി.എഫ് നേതാക്കൾക്കൊപ്പം ഹിയറിങ്ങിന് ഹാജരായപ്പോൾ
തലശ്ശേരി: മരിച്ചതായി തെറ്റിദ്ധരിപ്പിച്ച് ടെമ്പിൾ വാർഡിലെ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കാനുള്ള ശ്രമം ജീവിച്ചിരിക്കുന്നവർ തെളിവുമായി എത്തിയപ്പോൾ പൊളിഞ്ഞു. ടെമ്പിള്‍ വാര്‍ഡിലെ അറയിലകത്ത് തായലക്കണ്ടി വീട്ടില്‍ എ.ടി. അയിശു, കനോത്ത് ചങ്കരോത്ത് തട്ടാന്‍ വീട്ടില്‍ സി.ടി. കുഞ്ഞലു എന്നിവരാണ് തെളിവുമായി നഗരസഭ തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസർ മുമ്പാകെ വെള്ളിയാഴ്ച ഹിയറിങ്ങിന് ഹാജരായത്.
രണ്ട് പേരും ‘മരിച്ചു’ എന്ന് കാണിച്ച് പേര് നീക്കുന്നതിന് തലശ്ശേരി എം.കെ. നിവാസില്‍ ശ്രീജിത്താണ് ഓൺലൈനായി തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫിസര്‍ക്ക് തെറ്റായ പരാതി നല്‍കിയത്. വോട്ടർ പട്ടികയിൽനിന്ന് വിവിധ വാർഡുകളിലെ പലരുടെയും പേരുകൾ നീക്കാൻ ഓണ്‍ലൈന്‍ വഴി ക്രമക്കേട് നടന്നെന്ന ആക്ഷേപം ഇതിനകം വ്യാപകമായി ഉയർന്നിട്ടുണ്ട്. ടെമ്പിൾ വാർഡിലെ അയിശു, കുഞ്ഞലു എന്നിവര്‍ നേരിട്ടെത്തി ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു.
കൃത്യമായ തെളിവുകളുമായാണ് ഇരുവരും നഗരസഭ ഓഫിസിലെത്തിയത്. തെറ്റായ പരാതി നല്‍കിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ അഡ്വ. കെ.എ. ലത്തീഫ്, എം.പി. അരവിന്ദാക്ഷന്, എ.കെ. ആബൂട്ടി ഹാജി, സി.കെ.പി. റയീസ്, എ.കെ സക്കരിയ, റഷീദ് കരിയാടന്‍, പാലക്കല്‍ സാഹിര്‍, തഫ്ലിം മാണിയാട്ട്, മുനവര്‍ അഹമ്മദ്, വി. ജലീല്‍, റഹ്മാന് തലായി, റമീസ് നരസിംഹ, പാലക്കല്‍ അലവി എന്നിവർക്കൊപ്പമാണ് ഇരുവരും ഹിയറിങ്ങിന് എത്തിയത്.