ഇനിയില്ല ആ ചിരി; ശ്രീഹരി മാഷ് വിടവാങ്ങി
text_fieldsകഴിഞ്ഞ മാസം 30 ന് പയ്യന്നൂർ കോളജിൽ നിന്ന് വിരമിച്ച എ.സി. ശ്രീഹരി ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കു വരുന്നു
പയ്യന്നൂർ: ‘‘ഒടുവിൽ ചാവും പോലെ വേദന വേറൊന്നില്ല. ചത്തു കഴിഞ്ഞാലൊട്ടും ജീവൻ വിട്ടൊഴിയില്ല’’. അവസാന കവിതകളിലൊന്നായ ഡീയാക്ടിവേഷനിൽ ശ്രീഹരി മാഷ് സംസാരിച്ചത് മരണത്തെക്കുറിച്ചായിരുന്നു. ഒടുവിൽ കളവു പറഞ്ഞ പോലെ നാടിന്റെ പ്രിയപ്പെട്ടവൻ ആരോടും പറയാതെ വിടവാങ്ങി. വാർത്ത പരന്നപ്പോൾ മാഷ് സജീവമായി ഇടപെട്ട സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് ആ കവിതയായിരുന്നു എന്നത് സ്വാഭാവികം.
അഞ്ച് ദിവസം മുമ്പ് പയ്യന്നൂര്‍ കോളജ് ഇംഗ്ലീഷ് വകുപ്പിന്റെ വാതില്‍ തുറന്ന് നൂറുകണക്കിന് വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകൻ പുറത്തിറങ്ങിയത് ചിരിച്ചു കൊണ്ടായിരുന്നു. കോളജ് വിടുമ്പോൾ സങ്കടമുണ്ടെങ്കിലും അതു പ്രകടമാക്കാതെ നിറഞ്ഞ ചിരിയായിരുന്നു മുഖത്ത്. മാഷിന്റെ കൂടെ എന്നും സഞ്ചരിക്കാറുള്ള ചിരി. ആ ചിരി കൂടിയാണ് ഓർമയായത്. അതെ, എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ബിജു മുത്തത്തി പറഞ്ഞതുപോലെ ആക്ഷേപഹാസ്യത്തിന്‍റെയും ആത്മപരിഹാസത്തിന്‍റെയും അറിവും ആഴവുമുള്ള ഒരു നിറചിരിയാണ് എഴുത്തില്‍നിന്നും സംഭാഷണത്തില്‍നിന്നും നമ്മുടെ കണ്‍മുന്നില്‍നിന്നും കൊഴിഞ്ഞുപോവുന്നത്.
കോളജിൽനിന്ന് പടിയിറങ്ങിയാൽ കവിതയുടെയും എഴുത്തിന്റെയും ലോകത്ത് സജീവമാകണമെന്ന് ശ്രീഹരി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആ ആഗ്രഹം പൂർത്തിയാക്കാതെയാണ് വിടവാങ്ങിയത്. മലയാള സാഹിത്യത്തിനും സാംസ്കാരിക കേരളത്തിനും അതുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. സമപ്രായക്കാരിൽ പലരും പാരമ്പര്യം കൈവിടാതെ വൃത്തത്തിലും താളത്തിലും തന്നെ സർഗസഞ്ചാരം നടത്തിയപ്പോൾ മലയാള കവിതയെ ഉത്തരാധുനികതയിലേക്ക് കൈപിടിച്ചാനയിക്കുന്നതിൽ വലിയ പങ്കുവഹിച്ച കവിയായിരുന്നു എ.സി. ശ്രീഹരി. അതുകൊണ്ടുതന്നെ കവിതകൾ ചെറുതായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ പാണ്ഡിത്യമായിരിക്കാം ഒരു പക്ഷേ, ഉത്തരാധുനികതയിലേക്കും ചെറുകവിതകളിലേക്കും സഞ്ചരിക്കാൻ കവിയെ പ്രേരിപ്പിച്ചത്. അപ്പോഴും ആ കവിതകൾ സംസാരിച്ചത് മനുഷ്യപക്ഷത്തുനിന്നായിരുന്നു. മാനവികതയുടെയും സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും വാക്കുകളായിരുന്നു.
കവിതയിൽ മൗലികത സൂക്ഷിച്ചിരുന്ന എഴുത്തുകാരനായിരുന്നു ശ്രീഹരി. പരുക്കൻ ജീവിത യാഥാർഥ്യങ്ങളെ നർമത്തിൽ ചാലിച്ച് അതിമനോഹരമായി ആവിഷ്കരിക്കാൻ അദ്ദേഹത്തിനായി. കവിതയിൽ ഉപയോഗിക്കേണ്ട ഭാഷയുടെ വേലി പൊട്ടിച്ചെറിഞ്ഞ് പുതിയകാലത്തെ പദപ്രയോഗങ്ങളിലൂടെ, നാട്ടുഭാഷകളിലൂടെ എല്ലാ വിഭാഗം ആസ്വാദകരെയും കൂടെ കൂട്ടാൻ അദ്ദേഹത്തിനായി. എന്നാൽ, സൗന്ദര്യവും ഗഹനവുമായ കാവ്യപരിസരം ശ്രീഹരിക്കവിതകളിൽ നിറഞ്ഞുകാണാം.
ഉത്തരാധുനിക കവിതകൾ എഴുതിയ കവിയുടെ തൂലികക്ക് ഗീതി സാഹിത്യവും വഴങ്ങുമെന്ന് ശ്രീഹരി തെളിയിച്ചു.രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേഴ്സസ് 5.25 എന്ന സിനിമയിലെ ''ഓമൽ പൂവെ പോരൂ ആരും കാണാതോൺലൈൻ ചാറ്റിൻ കാറ്റിൽ...'' എന്ന ഗാനം മലയാള സിനിമാ ഗാന രംഗത്തെ വ്യത്യസ്തമായ പാട്ടനുഭവമായിരുന്നു.
പുരോഗമന കലാസാഹിത്യ സംഘത്തിനൊപ്പം എല്ലാ കാലവുമുണ്ടായിരുന്നു. സാഹിത്യ സംഘത്തിൻ്റെ സാംസ്കാരിക ഇടപെടലുകളിലെല്ലാം നിരന്തര പങ്കാളിയായി.കോളജ് അധ്യാപക സംഘടനയായ എ. കെ. പി. സി. ടി. എ യുടെ സജീവ പ്രവർത്തകനായിരുന്നു. എ. സി. ശ്രീഹരിയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും ദുഃഖം രേഖപ്പെടുത്തി.


