കൊറിയറിലും നേട്ടം കൊയ്ത് ആനവണ്ടി
text_fieldsകണ്ണൂർ: നഷ്ടപാതയിൽനിന്ന് പരീക്ഷണങ്ങളിലൂടെ വിജയത്തിലേക്ക് കുതിക്കുന്ന ആനവണ്ടിയിൽ കൊറിയർ സർവിസും ലാഭത്തിലേക്ക്. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സാധനങ്ങൾ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും വിശ്വാസ്യതയോടെ കൃത്യമായി എത്തിക്കുമെന്ന പ്രത്യേകതയാണ് കെ.എസ്.ആർ.ടി.സി കൊറിയറിനും പ്രിയമേറിയത്. രണ്ടുവർഷം മുമ്പാണ് കെ.എസ്.ആർ.ടി.സി കൊറിയറിലേക്കും ഇറങ്ങിയത്.
16 മണിക്കൂർകൊണ്ട് കേരളത്തിലെവിടെയും കൊറിയർ പാർസൽ സർവിസ് എത്തിക്കുന്നുവെന്നതാണ് പ്രത്യേകത. നിലവിൽ സംസ്ഥാനത്ത് കൊറിയർ സർവിസിൽ വൈറ്റില ഡിപ്പോയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണുള്ളത്. പിന്നാലെയുണ്ട് കണ്ണൂരും. നിലവിൽ ദിനംപ്രതി 10,000 രൂപ വരെ കണ്ണൂരിൽ കൊറിയർ വഴി വരുമാനമുണ്ട്. ഒരുമാസം ഒരുലക്ഷമാണ് ഏകദേശം വരുമാനം. മൂന്ന് സ്ലാബുകളാക്കിയാണ് തുക ഈടാക്കുന്നത്.
ഒരു കി.ഗ്രാം മുതൽ അഞ്ച് കി.ഗ്രാം വരെയുള്ള വസ്തുക്കൾക്ക് 200 കി.മീ ദൂരത്തിന് 130 രൂപയും 400 കി.മീക്ക് 254 രൂപയും 600 കി.മീക്ക് 384 രൂപയുമാണ് തുക ഈടാക്കുന്നത്. പരമാവധി 30 കി.ഗ്രാം വരെയാണ് എടുക്കുക. അത് 15 കി.ഗ്രാമിന്റെ രണ്ട് പെട്ടിയാക്കുകയും വേണം. പൊട്ടിപ്പോകുന്ന വസ്തുക്കളെടുക്കുന്നതല്ല.
കെ.എസ്.ആർ.ടി.സി നൽകുന്ന സ്ലിപ്പിൻ്റെ കോപ്പിയുമായി ഡിപ്പോകളിൽ ചെന്നാൽ ഉടമസ്ഥർക്ക് സാധനം കൈപറ്റാവുന്നതാണെന്നും നിലവിൽ ആവശ്യക്കാർ ഏറിയിട്ടുണ്ടെന്നും കൊറിയറിന്റെ ചുമതലയുള്ള വിനോദ് കുമാർ മാധ്യമത്തോട് പറഞ്ഞു.