ആറളത്തെ വന്യജീവി ആക്രമം; ഹൈകോടതി നിർദേശങ്ങൾ നടപ്പാക്കിത്തുടങ്ങി
text_fieldsപേരാവൂർ: ആറളത്ത് മനുഷ്യജീവിതം ഭീഷണിയിലാക്കുന്ന കാട്ടാന ആക്രമണങ്ങൾക്ക അടിയന്തര പരിഹാരം കാണുന്നതിൽ ഹൈകോടതിയുടെ നിർദേശങ്ങൾ നടപ്പാക്കിത്തുടങ്ങി. രണ്ട് 12 ബോർ തോക്കുകളും ഒരു കിലോമീറ്റർ ദൂരത്തിൽ വെളിച്ചംകിട്ടുന്ന അഞ്ച് ടോർച്ചുകളും ആറളം ആർ.ആർ.ടിക്ക് കൈമാറി.
ഡ്രോൺ, നൈറ്റ് വിഷൻ ബൈനോക്കുലർ, അലാസ്‌കാ ലൈറ്റ്, വണ്ടി എന്നിവ കൂടി ഉടൻ കൈമാറും. ആറളത്തെ വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ ബത്തേരി സ്വദേശി ബൈജു പോൾ മാത്യൂസ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ജസ്‌റ്റീസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, പി.എം. മനോജ് എന്നിവർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട്.
ആദിവാസി പുനരധിവാസ മേഖലയെന്ന പ്രത്യേക പരിഗണന നൽകിയ കോടതി വിഷയത്തിൽ പ്രത്യോക ഇടപെടലാണ് നടത്തിയത്. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണം ജില്ല ഭരണകൂടത്തെയും സംസ്‌ഥാന സർക്കാറിനെയും ഉൾപ്പെടെ ആറളത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിർബന്ധിതമാക്കിയിരുന്നു. ആറളത്ത് കോടതി തന്നെ മുൻകൈയെടുത്തു ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കുകയും ഇവർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 131 നിർദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് ലഭ്യമാക്കുകയും ചെയ്‌തു.
എല്ലാ ബുധനാഴ്‌ചയും ആറളം വിഷയം കേൾക്കുന്നതിന് കോടതി പ്രത്യേക സിറ്റിങ് നടത്തുന്നുണ്ട്. ജൂലൈ 24ന് കേസ് പരിഗണിക്കുന്ന രണ്ട് ജഡ്‌ജിമാരും നാലു മണിക്കൂറോളം ഫാമിലും പുനരധിവാസ മേഖലയിലും നേരിട്ടെത്തി പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും ചെയ്തിരുന്നു.
കാട്ടാനക്കൂട്ടങ്ങളെ പ്രതിരോധിക്കാൻ ആറളത്ത് ചുമതലപ്പെട്ട വനം ദ്രുതകർമ സേന (ആർ.ആർ.ടി) വശം ആവശ്യത്തിനു സുരക്ഷാ ഉപകരണങ്ങൾ ഇല്ലെന്നു നിരീക്ഷിച്ചാണ് കോടതി ഇവ ലഭ്യമാക്കാൻ ആവശ്യപ്പെട്ടത്. 12 ബോർ തോക്ക്, കാട്ടാന സേനാംഗങ്ങൾക്ക് നേരെ തിരിയുമ്പോൾ പരുക്ക് എൽക്കാത്ത പെല്ലറ്റ് ഉപയോഗിച്ചു വെടിയുതിർത്ത് സ്വയംരക്ഷക്ക് ഉപയോഗിക്കുന്നതാണ്. പുതുതായി ലഭിച്ച ടോർച്ചിന് 12000 ലുമിൻ ശേഷിയുള്ളതാണ്.
തളിപ്പറമ്പ് റേഞ്ചിൽനിന്നുള്ള ഒരു വണ്ടിയും അധികമായി ആറളത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശവാസിയെ ആന ഓടിച്ച താളിപ്പാറ മേഖലയിൽ ടി.ആർ.ഡി.എം മുഖേന കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തിയും തുടങ്ങി. 40ഓളം ആനകൾ ഫാമും പുനരധിവാസ മേഖലയും താവളമാക്കി സ്‌ഥിരം നാശം സൃഷ്‌ടിക്കുന്നുണ്ടെന്നാണ് കണക്ക്.


