Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൺപാർത്ത് കണ്ണൂർ;...

കൺപാർത്ത് കണ്ണൂർ; വീണ്ടും കാൽപന്തുത്സവം

text_fields
bookmark_border
കൺപാർത്ത് കണ്ണൂർ; വീണ്ടും കാൽപന്തുത്സവം
cancel

കണ്ണൂർ: കാൽപന്ത് കളിയുടെ ഈറ്റില്ലത്തിൽ നീണ്ട ഇവേളക്കുശേഷം വീണ്ടും ആരവങ്ങളുയരുകയായി. ഇതാദ്യമായി സൂപ്പർ ലീഗ് കേരള ഫുട്ബാൾ പോരാട്ടത്തിന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഇന്ന് വിളക്ക് തെളിയുമ്പോൾ നഷ്ടപ്രതാപത്തിന്റെ ഓർമച്ചിത്രങ്ങൾ വീണ്ടെടുക്കുകയാണ് കളിയെ നെഞ്ചോടുചേർത്ത ഒരു ജനത. മൈതാനങ്ങളുടെ നഗരമായ കണ്ണൂരിലെ കളിയും കളിക്കാരും ക്ലബുകളും രാജ്യമാകെ പടർന്ന് പന്തലിച്ചിരുന്നു.

ഇന്ത്യൻ ഫുട്ബാളിന്റെ സുവർണഘട്ടത്തിൽ ഈ മണ്ണിൽ കളിക്കാത്ത ടീമുകളോ കളിക്കാരോ ഇല്ല. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ക്ലബുകളിൽ കണ്ണൂരിൽ പന്ത് തട്ടി വളർന്നവരുടെ നിറസാന്നിധ്യമുണ്ടായിരുന്നു. പലതവണ രാജ്യത്തിന്റെ കുപ്പായമിട്ട പവിത്രനിലും ഗോളി മുസ്തഫയിലും ചിദാനന്ദനിലും ദേവാനന്ദിലും ജയഗോപാലിലും തുടങ്ങി ഇന്ത്യൻ പ്രതിരോധത്തിന്റെ കുന്തമുനയായ സാക്ഷാൽ വി.പി. സത്യനിലും കെ.വി. ധനേഷിലും എം. നജീബിലുടെയുമൊക്കെ കടന്ന് ഏറ്റവുമൊടുവിൽ സഹൽ അബ്ദുൽ സമദിലും സൗരവിലുമെത്തി നിൽക്കുന്ന കണ്ണൂരിന്റെ കളിയഴകിന് നിറം പകരുകയാണ് എസ്.എൽ.കെയുടെ കടന്നു വരവ്.

സൂപ്പർ ലീഗിന്റെ രണ്ടാം പതിപ്പിൽ കണ്ണൂർ വാരിയേഴ്സ് ആതിഥേയ മൈതാനത്ത് ഇന്ന് വൈകീട്ട് തൃശൂർ എഫ്.സിയുമായി മാറ്റുരക്കുമ്പോൾ ഇരമ്പുന്ന കളിയോർമകളുമായി കാണികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. എഴുപതുകളിലും എൺപതുകളിലും കേരള ഫുട്ബാളിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിലൊന്നായ ശ്രീനാരായണ ട്രോഫിക്ക് വേദിയായ മണ്ണാണിത്. 1983ലും 1987ലും ഫെഡറേഷൻ കപ്പിനും ആതിഥ്യം വഹിച്ചു. ഇതിനിടയിൽ ദേശീയ ലീഗടക്കം ചെറുതും വലുതുമായ ഒട്ടനവധി പോരാട്ടങ്ങൾ. കാലാന്തരം എല്ലാം നിലച്ചതിനൊടുവിൽ നായനാർ ഗോൾഡ് കപ്പ് നടത്തി കണ്ണൂർ ഫുട്ബാളിന്റെ വീണ്ടെടുപ്പിന് നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കണ്ണൂരിലെ മൈതാനങ്ങളും കളിക്കമ്പക്കാരുടെ ആർപ്പുവിളികളും നിശ്ചലമായി കിടക്കുകയായിരുന്നു.

കൊൽക്കൊത്ത ലീഗ് കഴിഞ്ഞാൽ ഏറ്റവുമധികം ശ്രദ്ധയാകർഷിച്ചിരുന്നത് കണ്ണൂരിലെ സീനിയർ ഡിവിഷനായിരുന്നു. നാഗ്ജിയിൽ മോഹൻ ബഗാനെ വീഴ്ത്തിയ കഥ പറയാനുള്ള ലക്കിസ്റ്റാറും ബ്രദേഴ്സും ജിംഖാനയും സ്പിരിറ്റഡ് യൂത്ത്സുമെല്ലാം കണ്ണൂരിന്റെ പുൽത്തകിടികളിൽ ആവേശത്തിന്റെ തീ പിടിപ്പിച്ച ടീമുകൾ. കേരള പൊലീസ് ടീം എന്ന ആശയം തന്നെ ഉടലെടുത്തത് കണ്ണൂർ പൊലീസ് ടീമിന്റെ മികവ് കണ്ടായിരുന്നു. കെൽട്രോണിന്റെ വരവോടെ കഥ പിന്നെയും മാറി. മുള ഗാലറികൾ കെട്ടി പോലും ലീഗ് നടത്തിയ പാരമ്പര്യം കണ്ണൂരിനുണ്ട്. തങ്ങളുടെ ടീമുകളെ പിന്തുണക്കാൻ ഗാലറികളിൽ അവിശ്വസനീയമായ ജനക്കൂട്ടം ഇടംപിടിക്കുമായിരുന്നു. ആ ഓർമകളിലേക്കാണ് കണ്ണൂരിൽ വീണ്ടും പന്തുരുണ്ടു തുടങ്ങുന്നത്.

കണ്ണൂർ ഫുട്ബാളിന് ജീവവായു പകരുന്നതാവും എസ്.എൽ.കെ. കണ്ണൂർ ആസ്ഥാനമായി കണ്ണൂർ വാരിയേഴ്സ് രൂപമെടുത്തപ്പോഴും ഹോം ഗ്രൗണ്ടായി കോഴിക്കോട്ടാണ് കളിച്ചത്. കാടുപിടിച്ചു കിടന്ന ജവഹർ മുനിസിപ്പൽ സ്റ്റേഡിയം കേരള ഫുട്ബാൾ അസോസിയേഷൻ ഏറ്റെടുത്ത് വാരിയേഴ്സിന് സ്വന്തം തട്ടകമൊരുക്കുകയായിരുന്നു. പ്രമുഖ വ്യവസായിയായ ചെയർമാൻ ഡോ. എം.പി. ഹസ്സൻ കുഞ്ഞി, നടൻ ആസിഫലി, മിബു ജോസ്, അജിത് ജോയ്, മുഹമ്മദ് സാലി തുടങ്ങിയവരടങ്ങിയ കണ്ണൂർ വാരിയേഴ്സ് ഡയറക്ടർ ബോർഡ് കോടികൾ മുടക്കിയാണ് പുതിയ ഫ്ലഡ്‍ലിറ്റടക്കം മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി സ്റ്റേഡിയം മത്സരത്തിന് സജ്ജമാക്കിയത്.

Show Full Article
TAGS:Super League Kerala Football Match Kannur Jawahar Stadium 
News Summary - The Super League Kerala Football match will be lit at the Jawahar Stadium in Kannur today.
Next Story