ദൃശ്യങ്ങളും ഉറപ്പിക്കുന്നു; സംഭവിച്ചത് വൻ സുരക്ഷ വീഴ്ച
text_fieldsകണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടുന്ന ദൃശ്യങ്ങൾ ഉറപ്പാക്കുന്നത് ആഭ്യന്തര വകുപ്പിന്റെ ഗുരുതര സുരക്ഷ വീഴ്ച. അതിസുരക്ഷയുള്ള പത്താം ബ്ലോക്കിലെ സെല്ലിൽനിന്ന് ഗോവിന്ദച്ചാമിയെന്ന കൊടും കുറ്റവാളി പുഷ്പംപോലെ നൂഴ്ന്നിറങ്ങുമ്പോൾ ഒരാളുമത് കണ്ടില്ലെന്നത് തീർത്തും അവിശ്വസനീയം. സി.സി.ടി.വി ദൃശ്യങ്ങൾ ഓഫിസിലിരുന്ന് നിരീക്ഷിക്കാൻ ഒരു ദിവസം മൂന്നു പേർക്കാണ് ഡ്യൂട്ടി. മൂന്ന് ഷിഫ്റ്റുകളിലായി മൂന്ന് അസി. പ്രിസൺ ഓഫിസർമാർക്കാണ് ഈ ചുമതല. പത്താം ബ്ലോക്കിലെ അസി. പ്രിസൺ ഓഫിസർമാരെ പോലെ സി.സി.ടി.വി നിരീക്ഷണ ചുമതലയുള്ള ജീവനക്കാരും ജയിൽ ചാട്ടം കാണാതിരുന്നത് ദുരൂഹത വർധിപ്പിക്കുന്നു.
ഗോവിന്ദച്ചാമി ജയിൽ ചാടിയ കഴിഞ്ഞ വെള്ളിയാഴ്ച മൂന്നു തടവുകാരെ ജില്ല ആശുപത്രിയിലേക്ക് ചികിത്സക്കായി കൊണ്ടുപോയതിൽ സി.സി.ടി.വി നിരീക്ഷണ ചുമതലയിലുള്ള ജീവനക്കാരനും പോയെന്നാണ് വിവരം. വെള്ളിയാഴ്ച പുലർച്ച 1.15ന് ഗോവിന്ദച്ചാമി സെല്ലിൽനിന്ന് ഇഴഞ്ഞു പുറത്തേക്കുവരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാമറയിൽ പതിഞ്ഞത് പിറ്റേന്നാണ് ഉദ്യോഗസ്ഥർ കാണുന്നത്. അതും ഗോവിന്ദച്ചാമി പുറത്തിറങ്ങിയെന്ന വിവരം പുറത്തുവന്നപ്പോൾ. 1.15ന് സെല്ലിൽനിന്ന് പുറത്തിറങ്ങിയ ഗോവിന്ദച്ചാമി പത്താം ബ്ലോക്കിലെ ചുറ്റുമതിലാണ് ആദ്യം മറികടന്നത്. ഏഴര മീറ്റർ ഉയരമുള്ള പ്രധാന മതിൽ രാവിലെ 5.30ന് ചാടിയെന്നാണ് നിഗമനം.
പുലർച്ച 1.15 മുതൽ 5.30വരെ സെൻട്രൽ ജയിൽ വളപ്പിൽ ഗോവിന്ദച്ചാമിയുണ്ടായിരുന്നു. ഈ നാലേകാൽ മണിക്കൂറിൽ മതിൽ ചാടാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിട്ടും അതിസുരക്ഷയുണ്ടെന്ന് പറയുന്ന പത്താം ബ്ലോക്കിലെ ജീവനക്കാർ ആരുമറിയാത്തതിലാണ് സംശയമേറുന്നത്. നടുമുറ്റ മാതൃകയിലുള്ള ബ്ലോക്കിലെ സഹതടവുകാരെ പോലെ ജീവനക്കാരും ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്തെന്നാണ് ആരോപണം. 106 സ്ഥിരം അസി. പ്രിസൺ ഓഫിസർമാരും 22 താൽക്കാലികക്കാരുമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ജോലി ചെയ്യുന്നത്.
ഇവർക്കാണ് തടവുകാരെ നിരീക്ഷിക്കാനുള്ള ചുമതലയും. ഉറങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ഓരോ അരമണിക്കൂറിലും സെല്ലിനു മുന്നിലെ ബോർഡിൽ ഇവർ ഒപ്പിടണം. അസി. പ്രിസൺ ഓഫിസർമാരെ നിരീക്ഷിക്കാൻ ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാർ വേറെയുമുണ്ട്. അതിസുരക്ഷയുള്ള 66 സെല്ലുകളുള്ള പത്താം ബ്ലോക്കിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റ് ബ്ലോക്കുകളിലെ അവസ്ഥയും സംശയകരമാണ്.