ഇരിട്ടി പഴയപാലത്തിൽ നിയന്ത്രണ നടപടികളില്ല; വാഹനങ്ങൾ കുടുങ്ങുന്നത് പതിവ്
text_fieldsഇരിട്ടി: കാലപ്പഴക്കം കാരണം ബലക്ഷയം സംഭവിച്ച ഇരിട്ടി പഴയ പാലത്തിനു പകരം പുതിയ പാലം വന്നെങ്കിലും ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ അനിയന്ത്രിതമായ കടന്നുപോക്ക് കാരണം പഴയ പാലം തകർച്ച ഭീഷണിയിൽ. പൈതൃക പട്ടികയിലുൾപ്പെടുത്തി ഇരിട്ടി പഴയപാലത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനം ഒരു ഭാഗത്തു നടക്കുമ്പോൾ ഭാരം കയറ്റിയ വലിയ വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണ്.
ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സ്ഥാപിച്ച ബോർഡുകളും ഒടിഞ്ഞ് തൂങ്ങിയ നിലയിലാണ്.1933ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലം പൈതൃകമായി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വലിയ ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
പുതിയ പാലം യാഥാർഥ്യമായതോടെ ചരിത്രത്തിന്റെ ഭാഗമായ പഴയ പാലം സംരക്ഷിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ഉയർന്ന ആവശ്യപ്രകാരമായിരുന്നു പൊതുമാരാമത്ത് വകുപ്പ് പാലം സംരക്ഷിക്കാൻ തീരുമാനിച്ചത്. പുതിയ പാലത്തന്റെ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി പലത്തിന്റെ തൂണുകൾക്കിടയിലും മറ്റുമുള്ള കളകൾ നീക്കുകയും പാലത്തിൽ വാഹനങ്ങൾ കയറുമ്പോൾ ഉണ്ടാകുന്ന ഭാരം ക്രമീകരിക്കുന്ന പാലത്തിന്റെ മേൽക്കൂര സംവിധാനം ബലപ്പെടുത്തുകയും പൊയിന്റിങ്ങ് നടത്തി മോടികൂട്ടുകയും ചെയ്തു. ഇതോടൊപ്പമാണ് ഭാരം കയറ്റിയ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബോർഡും സ്ഥാപിച്ചത്.
ഇരിട്ടിയിൽ നിന്നും ഉളിക്കൽ, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് പോകേണ്ട ബസ് ഉൾപ്പെടെയുള്ള യാത്രവാഹനങ്ങൾക്കുള്ള വൺവേ പാതയായും പാലത്തെ മാറ്റി. ഇത് പുതിയ പാലത്തിലുള്ള വാഹനത്തിരക്ക് കുറക്കുന്നതിന് പരിധിവരെ സഹായവുമായി. എന്നാൽ ഗതാഗത നിയന്ത്രണ ബോർഡുകൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത രീതിയിലായതോടെ അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങൾ പാലത്തിലേക്ക് കയറുകയും പാലത്തിന്റെ മേൽക്കൂരയിൽ തട്ടി പാലത്തിൽ കുടുങ്ങുകയും ചെയ്യുന്നത് പതിവാണ്.
പലപ്പോഴും മുന്നോട്ടും പിന്നോട്ട് ചലിപ്പിക്കാൻ കഴിയാത്ത രീതിയിൽ കുടുങ്ങിക്കിടക്കുന്ന വാഹനത്തിന്റെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടും മറ്റുമാണ് പാലത്തിൽ നിന്നും മാറ്റുന്നത്. ഭാരം കയറ്റിയ വാഹനങ്ങളിലെ പരിചയമില്ലാത്ത ഡ്രൈവർമാരാണ് പാലത്തിനു മുകളിൽ കയറ്റുന്നത്.
പാലം എത്തുന്നതിനു മുമ്പേ തന്നെ പാലത്തിന്റെ ഉയരത്തിന് കണക്കായി മറ്റെന്തെങ്കിലും താൽക്കാലിക സംവിധാനം ഒരുക്കിയാൽ പാലത്തിൽ വാഹനങ്ങൾ തട്ടുന്നത് ഒഴിവാക്കാം. കൂടുതലായും രാത്രികാലങ്ങളിലാണ് ഇത്തരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത്. നിയന്ത്രണം ശ്രദ്ധിക്കപ്പെടുന്ന നിലയിൽ മുന്നറിയിപ്പ് ലൈറ്റുകളോ റിഫ്ലക്ടറുകളോ സ്ഥാപിക്കേണ്ടതുമുണ്ട്. ഇതിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.