മുന്നറിയിപ്പ് ബോർഡുകളില്ല; അപകടത്തുരുത്തായി പാൽചുരം റോഡ്
text_fieldsകൊട്ടിയൂർ പാൽച്ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കൊട്ടിയൂർ: അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ വയനാട് - കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽ ചുരം റോഡ് അപകടത്തുരുത്താകുന്നു. ഞായറാഴ്ച രാത്രിയിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ആശ്രമം വളവിലാണ് ലോറി അപകടത്തിൽപ്പെട്ടത്. ഇതിന് തൊട്ടടുത്താണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് പാചകവാതക ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചത്.
ചെങ്കുത്തായ ഇറക്കവും അഞ്ച് കൊടുംവളവുമുള്ള തകർന്നടിഞ്ഞ റോഡിൽ കോടമഞ്ഞും ഡ്രൈവിങ് ദുഷ്കരമാക്കുന്ന ഘടകമാണ്. ചെങ്കല്ല് കയറ്റി വരുന്ന വാഹനങ്ങളാണ് റോഡ് തകർച്ചക്ക് ആക്കം കൂട്ടുന്നത്. ഭാരവാഹനങ്ങൾ ചുരത്തിലെ കുത്തിറക്കത്തിൽ അപകടത്തിൽ പെടുന്നത് തുടരുമ്പോഴും പാതയിലൂടെ ഇത്തരം വാഹനങ്ങൾ നിരോധിച്ച് കൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല.
ഭാരവാഹനങ്ങൾ പേരിയ നിടും പൊയിൽ റോഡ് വഴി കടന്ന് പോകുകയും അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യാം. ഞായറാഴ്ച അർധരാത്രി ആശ്രമം വളവിലെ കൊക്കയിൽ പതിച്ച് അപകടം വരുത്തിയ ചരക്ക് ലോറി 25 ടൺ ഭാരവുമായാണ് ചുരമിറങ്ങിയത്. ഭാരവാഹനങ്ങൾക്ക് പാൽ ചുരം പാത അപകട വഴിയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്നാട് സ്വദേശി ഡ്രൈവർ സെന്തിൽ കുമാർ ഓടിച്ച വാഹനം ആശ്രമം വളവിലെ കൊക്കയിൽ പതിച്ചുണ്ടായ അപകടം.


