Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്കൂ​ൾ സ​മ​യ​ത്ത്...

സ്കൂ​ൾ സ​മ​യ​ത്ത് ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ തു​ട​രു​ന്നു

text_fields
bookmark_border
Representation Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കണ്ണൂർ: വിദ്യാർഥികളുടെ ജീവന് ഭീഷണിയായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുമ്പോഴും മൗനം നടിച്ച് അധികൃതർ. കർശന നിയമം കടലാസിലൊതുക്കിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ടിപ്പർ ലോറികളും മറ്റും സ്കൂൾ സമയത്തടക്കം മരണപ്പാച്ചിൽ നടത്തുന്നത്. സ്കൂൾ പ്രവൃത്തി സമയം തുടങ്ങുന്ന രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാല് മണി മുതൽ ആറ് വരെയും ടിപ്പർ ലോറികൾ ഓടരുതെന്ന കർശന ഉത്തരവ് നിലവിലുണ്ട്.

രാവിലെയും വൈകീട്ടും ഉച്ചക്കുമെല്ലാം കുട്ടികൾ റോഡിലും പരിസരങ്ങളിലും ഉണ്ടാവുകയും ഒട്ടേറെ അപകടങ്ങൾ പതിവാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ട് വർഷം മുമ്പ് ടിപ്പർ ലോറികളുടെ ഓട്ടം ഈ സമയങ്ങളിൽ ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്. അതി രാവിലെ ഓടാമെങ്കിലും കുട്ടികൾ സൂളിലേക്ക് പോകുന്ന സമയം ലോറികൾ നിർത്തിവെക്കണം. തുടർന്ന് രാവിലെ 10 ന് ശേഷം ഓടാവുന്നതാണ്. വൈകീട്ട് നാലു മുതൽ വീണ്ടും നിർത്തി വെക്കണം. ആറിനു ശേഷം ഓടാവുന്നതാണ്.

എന്നാൽ ഈ ഉത്തരവ് നിലവിൽ പാലിക്കുന്നില്ല. അധ്യയന വർഷം തുടക്കത്തിൽ നിയമം നടപ്പാക്കിയെങ്കിലും പിന്നീട് അത് പാലിക്കാറില്ല. വൻകിട കരിങ്കൽ ക്വാറി ഉടമകളുമായി രഹസ്യ ധാരണയുണ്ടാക്കിയാണ് ടിപ്പറുകളെ തൊടാതിരിക്കുന്നത്. നിയമ ലംഘനമുണ്ടായാൽ പോലും ടിപ്പറുകൾക്കെതിരെ ഒരു നടപടിയുമെടുക്കുന്നില്ല. അനധികൃത കരിങ്കൽ - ചെങ്കൽ ക്വാറികളിൽ നിന്നടക്കം യാതൊരു നിയമവും പാലിക്കാതെ ഭാരം കയറ്റി മത്സരയോട്ടം നടത്തുന്ന ടിപ്പർ ഉൾപ്പെടെയുള്ള ലോറികൾക്കെതിരെ ഒരു പരിശോധനയും ഉണ്ടാവുന്നില്ല.

നിറയെ കരിങ്കല്ലുകൾ നിറച്ച് ടിപ്പറുകൾ പരക്കം പായുമ്പോൾ റോഡിലേക്ക് കല്ലുകൾ തെറിച്ചു വീഴുന്നതും ഒട്ടേറെ അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്. ടിപ്പർ ലോറികൾ മറ്റ് വാഹനങ്ങളെയും കുട്ടികളെയും കാണാത്ത വിധം കുതിച്ചു പായുമ്പോൾ മലയോര മേഖലയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജനങ്ങൾ ഏറെ ആശങ്കയിലാണുള്ളത്. ക്വാറികളും ക്രഷറുകളും പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽപ്പോലും നിയമലംഘനത്തിനെതിരെ നടപടിയില്ല.

റോഡ് വികസനത്തിന്‍റെയും കടൽ ഭിത്തി നിർമ്മാണത്തിന്‍റെയും ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് വ്യാജമായി ബോർഡുകൾ പതിച്ചാണ് കരിങ്കല്ലുകളും മണ്ണും വ്യാപകമായി കടത്തുന്നത്. നിസാര കാര്യങ്ങൾക്ക് പോലും ഇരുചക്ര വാഹന യാത്രികരെയും മറ്റും പിടികൂടുന്നവർ ക്വാറി ലോബിയുടെ വണ്ടികൾ തൊടാൻ ഭയപ്പെടുന്നുവെന്നാണ് ആക്ഷേപം. ജില്ലയുടെ സിറ്റി, റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെല്ലാം നടപടി കർശനമാക്കിയാൽ വൻ അപകടങ്ങൾ ഒഴിവാക്കാനാവും.

Show Full Article
TAGS:Tipper lorry school time school area 
News Summary - tippers continues during school hours
Next Story