ദേശീയപാതയിൽ കക്കൂസ് മാലിന്യം; വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യം
text_fieldsതളിപ്പറമ്പ്: പരിയാരം ദേശീയപാതയിൽ ഒഴുക്കിവിട്ട കക്കൂസ് മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം ശ്വസിച്ച് വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യം. തിങ്കളാഴ്ച പുലർച്ചയാണ് കോരൻ പീടികയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. പരിസരവാസികൾക്കുൾപ്പെടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു.
പുലർച്ച മൂന്നോടെയാണ് ദുർഗന്ധമുണ്ടായിത്തുടങ്ങിയത്. രാവിലെയാണ് കിലോമീറ്ററുകളോളം ദൂരത്തിൽ കക്കൂസ് മാലിന്യം തള്ളിയത് കാണുന്നത്. മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധം കാരണം ദേശീയ പാതയോരത്തെ വീടുകളിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതുവഴി വാഹനങ്ങളിൽ സഞ്ചരിക്കാനും ബുദ്ധിമുട്ടായിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്ന ഒരു വിദ്യാർഥിക്ക് ദുർഗന്ധം കാരണം ദേഹാസ്വാസ്ഥ്യം ഉണ്ടായി. പരിയാരം പഞ്ചായത്തംഗം അബ്ദുൽ ഷുക്കൂറും നാട്ടുകാരും സ്ഥലത്തെത്തി ക്ലോറിനേഷൻ നടത്തി.