കനത്തമഴ, കാറ്റ്; പൊലിഞ്ഞ് രണ്ട് ജീവൻ
text_fieldsതോണി മറിഞ്ഞ് കാണാതായ മത്സ്യബന്ധന തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുമ്പോള്‍
കടല്ത്തീരത്തെത്തിയവർ
കണ്ണൂർ: ജില്ലയില്‍ തുടരുന്ന കനത്തകാറ്റിലും മഴയിലും വന്‍ നാശനഷ്ടം. വിവിധയിടങ്ങളില്‍ മരം കടപുഴകി നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വ്യാപക കൃഷിനാശവുമുണ്ടായി. കോളയാട്, പഴയങ്ങാടി ഭാഗങ്ങളിൽ നിന്ന് രണ്ടു ജീവൻ നഷ്ടമായി. പയ്യന്നൂരിൽ ഒരാളെ കാണാതായി. വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചുഴലിക്കാറ്റടിച്ചത്. നൂറുക്കണക്കിന് വീടുകൾക്കാണ് നാശ നഷ്ടമുണ്ടായത്. കോളയാട് വില്ലേജില്‍ പെരുവ തെറ്റുമലില് മാതുവിന്റെ വീടിന്റെ മുകളില്‍ മരം വീണാണ് ഭര്‍ത്താവ് ചന്ദ്രന് മരണപ്പെട്ടത്.
മാടായി വില്ലേജിലെ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം അപകടത്തില്‍പ്പെട്ടാണ് കന്യാകുമാരി സ്വദേശി ആന്റണി മരിച്ചത്. കൂടെയുണ്ടായിരുന്ന ലനടിമ (50), സെല്വന്റണി (53) എന്നിവരെ മൊട്ടാമ്പ്രം ക്രസന്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയും ശക്തമായ ചുഴലിക്കാറ്റില്‍ ചൂട്ടാട് അഴിമുഖത്ത് തോണിയില്‍ മത്സ്യബന്ധനത്തിന് പോയ പുഞ്ചക്കാട് സ്വദേശികളായ രണ്ടു പേര് അപകടത്തില്‍പ്പെട്ടിരുന്നു. കാണാതായ എബ്രഹാമിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന വര്‍ഗീസ് നീന്തി രക്ഷപ്പെട്ടിരുന്നു. മലയോരത്ത് മേഖലയിൽ വിവിധ ഭാഗങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. വൈദ്യുതി തൂണുകൾ കൂട്ടത്തോടെ കടപുഴകി. കണ്ണൂർ നഗരത്തിലടക്കം മരങ്ങൾ പൊട്ടിവീണു.